യുഎഇയില്‍ വ്യാഴാഴ്ച വരെ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ മഴക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പടിഞ്ഞാറന്‍, കിഴക്കന്‍, തീരദേശ മേഖലകളിലാണ് മഴ പ്രതീക്ഷിക്കുന്നത്. പടിഞ്ഞാറ് നിന്ന് മേഘങ്ങള്‍ രാജ്യത്തേക്ക് നീങ്ങുന്നതിനാല്‍ വരും ദിവസങ്ങളില്‍ മേഘാവൃതമായ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക.
രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ താപനിലയില്‍ നേരിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. വടക്കുപടിഞ്ഞാറ്, വടക്കുകിഴക്കന്‍ ദിശയില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശും. വിവിധ ഇടങ്ങളില്‍ പൊടിക്കാറ്റിനും സാധ്യതയുണ്ട്. ഇത് തുറന്ന പ്രദേശങ്ങളില്‍ ദൃശ്യപരത കുറയുന്നതിന് കാരണമാകുമെന്നതിനാല്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.














































