അജ്മാൻ :കുട്ടികൾ പൊതുനിരത്തുകളിലും വാഹനങ്ങൾക്കിടയിലും സൈക്കിളുകളും ഇലക്ട്രിക് സ്കൂട്ടറുകളും ഉപയോഗിക്കുന്നത് ഗുരുതരമായ അപകടങ്ങൾക്ക് കാരണമാകുമെന്ന് അജ്മാൻ പൊലീസ് മാതാപിതാക്കൾക്ക് മുന്നറിയിപ്പ് നൽകി. ഇതിനായി പ്രത്യേക ബോധവൽക്കരണ വീഡിയോയും പൊലീസ് പുറത്തുവിട്ടു. പാർക്കുകളിലോ വീടിനുള്ളിലോ മാത്രം ഉപയോഗിക്കേണ്ട കൊച്ചു സൈക്കിളുകൾ പോലും കുട്ടികൾ നിരത്തുകളിൽ ഓടിക്കുന്നത് വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്. താമസമഖലകളിലെ റോഡുകളിൽ പോലും ഇത്തരം പ്രവണതകൾ അപകടം ക്ഷണിച്ചുവരുത്തുന്നുവെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.ബി കെയർഫുൾ’ ക്യാംപെയിന്റെ ഭാഗമായാണ് പൊലീസ് മാതാപിതാക്കളെ ഈ അപകടസാധ്യത ഓർമിപ്പിച്ചത്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ മാതാപിതാക്കൾക്കാണ് ഒന്നാമത്തെ ഉത്തരവാദിത്തമെന്നും അവരുടെ ഓരോ നീക്കവും സശ്രദ്ധം നിരീക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. കുടുംബത്തിന്റെ മേൽനോട്ടവും സമൂഹത്തിന്റെ സഹകരണവും ഉണ്ടെങ്കിൽ മാത്രമേ കുട്ടികളുടെ സുരക്ഷ പൂർണമാകൂ എന്ന് വ്യക്തമാക്കി.യുഎഇയുടെ വിവിധ ഭാഗങ്ങളിൽ സമാനമായ സാഹചര്യങ്ങളിൽ കുട്ടികൾക്ക് ജീവൻ നഷ്ടപ്പെട്ട സംഭവങ്ങൾ പൊലീസ് റിപോർട്ടിൽ പരാമർശിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഫുജൈറയിൽ സൈക്കിൾ സവാരിക്കിടെ 12 വയസ്സുകാരൻ വാഹനമിടിച്ച് മരിച്ചിരുന്നു. ഈ വർഷം ജനുവരിയിൽ റാസൽഖൈമയിൽ 14-ഉം 15-ഉം വയസ്സുള്ള രണ്ട് പെൺകുട്ടികൾ ബൈക്ക് അപകടത്തിൽ മരിച്ചതും ഇതിന് ഉദാഹരണമാണ്. ശ്രദ്ധയില്ലാത്ത ഡ്രൈവിങ്ങാണ് മിക്ക അപകടങ്ങൾക്കും കാരണമെന്ന് വിലയിരുത്തപ്പെടുന്നു. ഫെബ്രുവരിയിൽ അൽ നഹ്ദയിൽ ഇലക്ട്രിക് സ്കൂട്ടർ അപകടത്തിൽ ഇന്ത്യൻ വിദ്യാർഥിനിക്ക് ജീവൻ നഷ്ടമായതും വലിയ വാർത്തയായിരുന്നു.
അപകടങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ കഴിഞ്ഞ ഓഗസ്റ്റ് 15 മുതൽ അജ്മാനിലെ പൊതുനിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾക്ക് പൊലീസ് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ദുബായിലും സൈക്കിൾ, ഇ-സ്കൂട്ടർ നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക വിഭാഗത്തെ സജ്ജമാക്കിയിരിക്കുകയാണ്. അശ്രദ്ധമായി വാഹനമോടിക്കുന്നത് യുഎഇയിൽ കടുത്ത പിഴയും ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്.


























