ദുബൈ: രാജ്യത്തെ സർക്കാർ-സ്വകാര്യ മേഖലകളിലെ ഈദുൽ ഫിത്‌ർ അവധി യുഎഇ അധികൃതർ പ്രഖ്യാപിച്ചു.
എല്ലാ ഫെഡറൽ മന്ത്രാലയങ്ങൾക്കും സ്ഥാപനങ്ങൾക്കും പൊതുമേഖലാ സംവിധാനങ്ങൾക്കും മാർച്ച് 19മുതൽ 22വരെയാണ് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്‍റ് ഹ്യൂമൻ റിസോഴ്സസ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് മാർച്ച് 19 മുതൽ 21 വരെയാണ് അവധി. എന്നാൽ റമദാൻ 30 ദിവസം പൂർത്തിയായ ശേഷമാണ് പെരുന്നാൾ വരുന്നതെങ്കിൽ മാർച്ച് 22 വരെ സ്വകാര്യ മേഖലയ്ക്കും അവധി ലഭിക്കും. മാനവവിഭവ ശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയമാണ് സ്വകാര്യ മേഖലയുടെ അവധി പ്രഖ്യാപിച്ചത്.
രാജ്യത്ത് ഇത്തവണ മാർച്ച് 19 അല്ലെങ്കിൽ 20 നാണ് ഈദുൽ ഫിത്‌ർ പ്രതീക്ഷിക്കുന്നത്. മാർച്ച് 18 (റമദാൻ 29) ന് മാസപ്പിറവി നിരീക്ഷിച്ചതിന് ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം.










































