ദുബായ്: റമദാൻ മാസപ്പിറവി കാണാൻ സാധ്യതയുള്ളതിനാൽ ചൊവ്വാഴ്ച നിരീക്ഷണം നടത്തണമെന്ന് യുഎഇ ഫത്‌വ കൗൺസിൽ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ഹിജ്റ മാസം ശഅ്ബാൻ 29 നാണ് ചൊവ്വാഴ്ച.
മാസപ്പിറവി കണ്ടാൽ ബുധനാഴ്ച റമദാൻ ഒന്നായിരിക്കും. ഇല്ലെങ്കിൽ ശഅ്ബാൻ 30 പൂർത്തിയാക്കി വ്യാഴാഴ്ച വ്രതം ആരംഭിക്കും.
റമദാൻ മാസപ്പിറവി നിർണയ കമ്മിറ്റി ചൊവ്വാഴ്ച വൈകിട്ട് 6ന് അബൂദബിയിലെ ചരിത്രപ്രസിദ്ധമായ ഖസർ അൽ ഹുസ്നിൽ ചേരുമെന്ന് അധികൃതർ അറിയിച്ചു. കൗൺസിൽ ചെയർമാൻ ശൈഖ് അബ്ദുള്ള ബിൻ ശൈഖ് അൽ മഹ്ഫൂസ് ബിൻ ബയ്യ അധ്യക്ഷനായുള്ള യോഗത്തിൽ വൈസ് ചെയർമാൻ ഡോ. ഉമർ ഹബ്തൂർ അൽ ദാരിയും പങ്കെടുക്കും.
മഗ്‌രിബ് നമസ്കാരത്തിന് ശേഷം ആരംഭിക്കുന്ന യോഗത്തിൽ രാജ്യത്തെ അംഗീകൃത നിരീക്ഷണ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ടുകളും കണ്ടെത്തലുകളും പരിശോധിക്കും. അംഗീകൃത രീതികൾ അടിസ്ഥാനമാക്കി വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിവരങ്ങൾ വിലയിരുത്തിയ ശേഷമാണ് അന്തിമ പ്രഖ്യാപനം നടത്തുക.
മാസപ്പിറവി കാണുന്നവർ ഓൺലൈൻ പ്ലാറ്റ്ഫോം വഴി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കൗൺസിൽ നേരത്തെ അഭ്യർത്ഥിച്ചിരുന്നു. കമ്മിറ്റിയുടെ ചർച്ചകൾ പൂർത്തിയായതിന് ശേഷം റമദാൻ ആരംഭവുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം സർക്കാർ ചാനലുകൾ വഴി പുറപ്പെടുവിക്കും.










































