അബുദാബി: ലോകത്തെ ഏറ്റവും കരുത്തുറ്റ പാസ്പോർട്ടുകളിൽ യുഎഇ പാസ്പോർട്ട് അഞ്ചാം സ്ഥാനത്ത്. ഹെൻലി പാസ്‌പോർട്ട് ഇൻഡക്സ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് അമേരിക്കയെയും ബ്രിട്ടനെയും പിന്നിലാക്കി യുഎഇ പാസ്പോർട്ട് ഈ നേട്ടം കൈവരിച്ചത്. യുഎഇ പാസ്പോർട്ട് ഉള്ളവർക്ക് 184 രാജ്യങ്ങളിലേക്ക് മുൻകൂട്ടി വീസ എടുക്കാതെ യാത്ര ചെയ്യാം.10 വർഷത്തിനിടയിൽ ലോകത്ത് ഏറ്റവും വേഗത്തിൽ കരുത്ത് വർധിപ്പിച്ച പാസ്‌പോർട്ടും യുഎഇയുടേതാണ്. 2006ൽ പട്ടികയിൽ ഏറെ പിന്നിലായിരുന്ന യുഎഇ, നയതന്ത്ര ബന്ധങ്ങൾ ശക്തമാക്കിയതിലൂടെയാണ് നേട്ടം കൈവരിച്ചത്.
മധ്യപൂർവദേശ, അറബ് രാജ്യങ്ങളിൽ ഏറ്റവും മികച്ച റാങ്കുള്ള പാസ്‌പോർട്ടും യുഎഇയുടേതാണ്.192 രാജ്യങ്ങളിലേക്ക് വീസയില്ലാതെ യാത്ര ചെയ്യാൻ സാധിക്കുന്ന സിംഗപ്പൂർ പാസ്പോർട്ട് ആണ് ലോകത്ത് ഒന്നാം സ്ഥാനത്ത്. ജപ്പാൻ, ദക്ഷിണകൊറിയ രണ്ടാം സ്ഥാനത്തും ഡെന്മാർക്ക്, സ്പെയിൻ, ഫ്രാൻസ് എന്നിവ മൂന്നാം സ്ഥാനത്തും ഓസ്ട്രിയ, ബെൽജിയം എന്നിവ നാലാം സ്ഥാനത്തുമാണ്. ഹംഗറി, പോർച്ചുഗൽ, സ്‌ലോവാക്യ, സ്‌ലോവേനിയ എന്നീ രാജ്യങ്ങൾ യുഎഇയ്ക്കൊപ്പം അഞ്ചാം സ്ഥാനത്തുണ്ട്. യുകെ (7), കാനഡ (8),യുഎസ് (10) എന്നിങ്ങനെയാണ് മറ്റു പ്രമുഖ രാജ്യങ്ങളിലെ പാസ്പോർട്ടിന്റെ സ്ഥാനം










































