യുഎഇയില്‍ റെസിഡന്‍സി വിസ പുതുക്കാനുള്ള മെഡിക്കല്‍ ഫിറ്റ്‌നസ് പരിശോധന ഇനി വീടുകളില്‍ ലഭ്യമാകും. എമിറേറ്റ്സ് ഹെല്‍ത്ത് സര്‍വീസസാണ് പുതിയ സേവനത്തിന് തുടക്കമിട്ടത്. റെസിഡന്‍സി റിന്യൂവല്‍ ഫ്രം ഹോം എന്ന പേരിലാണ് പുതിയ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.
നേരത്തെ നിശ്ചയിച്ച സമയത്ത് പ്രത്യേക മെഡിക്കല്‍ സംഘം അപേക്ഷകരുടെ വീട്ടിലെത്തി മെഡിക്കല്‍ പരിശോധന നടത്തും. പ്രിവന്റീവ് ഹെല്‍ത്ത് സെന്ററുകളില്‍ നിന്നുള്ള വിദഗ്ധരാണ് ഇതിനായി എത്തുക. സേവനം ആവശ്യമായവര്‍ക്കായി പ്രത്യേക ടോള്‍ ഫ്രീ നമ്പറും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ വിളിച്ച് മെഡിക്കല്‍ സേവനങ്ങള്‍ ബുക്ക് ചെയ്യാനാകും.
പരിശോധനയ്ക്ക് ശേഷം മെഡിക്കല്‍ ഫിറ്റ്‌നസ് റിപോര്‍ട്ട് എസ്എംഎസ് വഴിയോ ഇമെയില്‍ വഴിയോ ലഭിക്കും. ഇതിനായി മെഡിക്കല്‍ സെന്ററുകളില്‍ പോകേണ്ടതില്ല. ആശുപത്രികളിലെ അതേ നിലവാരത്തിലുള്ള പരിശോധനകളും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് വീട്ടിലെ മെഡിക്കല്‍ പരിശോധനയും നടക്കുക. തിരക്ക് മൂലമോ അല്ലെങ്കില്‍ യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കോ സേവനം വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തല്‍.
മെഡിക്കല്‍ സെന്ററുകളിലെ തിരക്ക് കുറയ്ക്കാനും വേഗത്തില്‍ വീസ നടപടികള്‍ പൂര്‍ത്തിയാക്കാനും സംവിധാനം സഹായിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ റെസിഡന്‍സി വീസ പുതുക്കുന്നവര്‍ക്ക് മാത്രമാണ് സൗകര്യം ലഭിക്കുക.














































