ദുബൈ: ഐക്യരാഷ്ട്ര സഭ രൂപീകരിക്കുന്ന സ്വതന്ത്ര കൃത്രിമ ബുദ്ധി (AI) പാനലിൽ യുഎഇയുടെ തുഖ അൽഹനായി ഇടം നേടി. അബൂദബിയിലെ ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിൽ കംപ്യൂട്ടർ എൻജിനിയറിംഗ് അസിസ്റ്റന്റ് പ്രഫസറായ തുഖ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള 40 അന്താരാഷ്ട്ര വിദഗ്ധരുടെ പട്ടികയിലാണ് ഉൾപ്പെട്ടിരിക്കുന്നത്.
പാനൽ അംഗങ്ങളുടെ പട്ടിക ജനറൽ അസംബ്ലിക്ക് സമർപ്പിച്ചതായി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അറിയിച്ചു. 2,600-ലധികം അപേക്ഷകരിൽ നിന്നാണ് വിദഗ്ധരെ തെരഞ്ഞെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
മനുഷ്യജീവിതത്തെ പുനർനിർവചിക്കുന്ന സാങ്കേതിക പരിഹാരങ്ങൾ കണ്ടെത്തുകയാണ് പാനലിന്റെ പ്രധാന ലക്ഷ്യമെന്ന് ഗുട്ടെറസ് പറഞ്ഞു. കൃത്രിമ ബുദ്ധി മേഖലയിലെ വിജ്ഞാന വിടവ് നികത്തുകയും സമ്പദ്‌വ്യവസ്ഥകളിലും സമൂഹങ്ങളിലും എഐയുടെ യഥാർത്ഥ സ്വാധീനം വിലയിരുത്തുകയും ചെയ്യുന്ന ആദ്യത്തെ പൂർണ സ്വതന്ത്ര ആഗോള ശാസ്ത്ര സ്ഥാപനമായിരിക്കും ഈ പാനൽ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.














































