ദോഹ: മേഖലയിലെ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ ഖത്തർ അമീർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെ ഫോൺ വഴി ബന്ധപ്പെട്ടു. പ്രദേശത്തെ പുതിയ സംഭവവികാസങ്ങളും സുരക്ഷാ സാഹചര്യവും ഇരുനേതാക്കളും വിശദമായി ചർച്ച ചെയ്തു.
സംഘർഷത്തിൽ ആശങ്ക രേഖപ്പെടുത്തിയ ഇരുവരും പ്രശ്നങ്ങൾ സംഭാഷണത്തിലൂടെയും നയതന്ത്ര ചർച്ചകളിലൂടെയും പരിഹരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി. ഇറാൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഖത്തറിന് റഷ്യയുടെ പൂർണ ഐക്യദാർഢ്യം പുടിൻ അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള എല്ലാ പിന്തുണയും റഷ്യ നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇതിനുപുറമെ, റഷ്യ-ഖത്തർ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും ഇരുവരും അവലോകനം ചെയ്തു. തന്ത്രപരമായ സഹകരണം, സുരക്ഷ, ഊർജ്ജം തുടങ്ങിയ മേഖലകളിൽ പങ്കാളിത്തം വിപുലീകരിക്കാനുള്ള സാധ്യതകളെക്കുറിച്ചും ചർച്ചയായി.
English Summary :
Russian President Vladimir Putin spoke with Qatar’s Emir Tamim bin Hamad Al Thani, expressing solidarity amid regional tensions. Both leaders emphasized dialogue and diplomatic efforts to ease the crisis.










































