ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ തുടരുന്നതിനിടെ പേർഷ്യൻ ഗൾഫിൽനിന്ന് ഇന്ത്യയിലേക്കുള്ള 15ാമത് എൽ.പി.ജി കപ്പലിനും സുരക്ഷയൊരുക്കി ഇന്ത്യൻ നാവികസേന. ഹുർമുസ് കടലിടുക്ക് വഴി കടന്നുപോയ ‘എം.വി സൺഷൈൻ’ എന്ന ടാങ്കർ കപ്പലിനെയാണ് അതീവ ജാഗ്രതയോടെ ഇന്ത്യൻ സേന സുരക്ഷിതമായി പുറത്തെത്തിച്ചത്.
കപ്പൽ നിലവിൽ ഇന്ത്യൻ തീരത്തേക്ക് യാത്ര തുടരുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മേഖലയിലെ സുരക്ഷാ വെല്ലുവിളികൾ കണക്കിലെടുത്ത് പേർഷ്യൻ ഗൾഫിൽനിന്ന് പുറപ്പെടുന്ന ഇന്ത്യൻ ഇന്ധന കപ്പലുകൾക്ക് നാവികസേന നിരീക്ഷണവും സംരക്ഷണവും ശക്തമാക്കിയിട്ടുണ്ട്.
ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ ലോകത്തിലെ പ്രധാന എണ്ണ-വാതക ഗതാഗത പാതയായ ഹുർമുസ് കടലിടുക്കിലെ കപ്പൽഗതാഗതം സങ്കീർണമാവുകയായിരുന്നു. ഇന്ത്യയുടെ ഊർജ സുരക്ഷ ഉറപ്പാക്കുന്നതിനായി വിവിധ ഏജൻസികളുടെ ഏകോപനത്തോടെയാണ് നാവികസേന ദൗത്യം തുടരുന്നത്.
അതേസമയം, മേഖലയിലെ സമാധാന ശ്രമങ്ങളിൽ ഇന്ത്യയുടെ നയതന്ത്ര ഇടപെടലുകളെ ഇറാൻ സ്വാഗതം ചെയ്തു. “മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കപ്പെട്ടാൽ ഹുർമുസ് കടലിടുക്കിലെ സ്ഥിതിഗതികൾ പഴയതിനേക്കാൾ മികച്ചതാകും. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കാൻ ഇറാൻ ആഗ്രഹിക്കുന്നില്ല.” എന്ന് ഇറാൻ വിദേശകാര്യ സഹമന്ത്രി കാസിം ഗരീബാബാദി വ്യക്തമാക്കി.
ഇന്ത്യ എപ്പോഴും സമാധാനത്തെ പിന്തുണയ്ക്കുന്ന രാജ്യമാണെന്നും പശ്ചിമേഷ്യയിലെ സംഘർഷം കുറയ്ക്കാനുള്ള ഇന്ത്യയുടെ നീക്കങ്ങളെ ഇറാൻ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കൻ നയതന്ത്രജ്ഞതയിലെ വീഴ്ചകളെ വിമർശിച്ച അദ്ദേഹം, ഇറാനും ഇന്ത്യയും തമ്മിലുള്ള ചരിത്രപരവും സാംസ്കാരികവുമായ ബന്ധത്തെയും എടുത്തുപറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ജനകീയ ബന്ധത്തിന് വലിയ പ്രാധാന്യമാണ് ഇറാൻ നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.














































