ദുബായ് : പുതുവത്സരാഘോഷങ്ങളുടെ ആവേശത്തിൽ ദുബായിലെ പൊതുഗതാഗത സംവിധാനം പുതിയ റെക്കോർഡ് കുറിച്ചു. 2026ലെ ന്യൂ ഇയർസ് ഈവ് ദിനത്തിൽ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) വഴി 28.36 ലക്ഷത്തിലധികം യാത്രക്കാരാണ് യാത്ര ചെയ്തത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 13 ശതമാനത്തിലധികം വർധനവാണ് രേഖപ്പെടുത്തിയത്, വലിയ ആഘോഷങ്ങൾ കൈകാര്യം ചെയ്യാനുള്ള ദുബായുടെ ഗതാഗത സംവിധാനത്തിന്റെ കാര്യക്ഷമത ഇതിലൂടെ വീണ്ടും തെളിഞ്ഞു.
ദുബായ് ഇവന്റ്‌സ് സിക്യൂരിറ്റി കമ്മിറ്റിയോടും മറ്റ് ബന്ധപ്പെട്ട അധികാരികളോടും തന്ത്രപ്രധാന പങ്കാളികളോടും ചേർന്ന് തയ്യാറാക്കിയ സമഗ്രമായ ട്രാഫിക്, ഓപ്പറേഷണൽ പദ്ധതിയുടെ ഭാഗമായാണ് ഈ നേട്ടം കൈവരിച്ചത്. താൽക്കാലിക റോഡ് അടച്ചിടലുകളും ഗതാഗത നിയന്ത്രണങ്ങളും കൃത്യമായി നടപ്പാക്കിയതിലൂടെ ജനങ്ങളുടെ സഞ്ചാരം സുഗമവും സുരക്ഷിതവുമായി നിലനിർത്താൻ ആർടിഎയ്ക്ക് സാധിച്ചു. വലിയ ജനക്കൂട്ടങ്ങളെ നിയന്ത്രിക്കുന്നതിൽ ദുബായുടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സംവിധാനങ്ങൾ വീണ്ടും ശ്രദ്ധേയമായി.
കണക്കുകൾ പ്രകാരം മെട്രോ റെഡ്, ഗ്രീൻ ലൈനുകൾ ഉപയോഗിച്ച് 12,49,636 യാത്രക്കാരാണ് സഞ്ചരിച്ചത്. ദുബായ് ട്രാം 58,052 പേരെയും, പൊതു ബസുകളും ബസ് ഓൺ ഡിമാൻഡ് സർവീസുകളും ചേർന്ന് 5,03,264 യാത്രക്കാരെയും കൈകാര്യം ചെയ്തു. ടാക്‌സികളിലൂടെ 6,61,538 പേരും, മറൈൻ ട്രാൻസ്പോർട്ട് സേവനങ്ങളിലൂടെ 76,745 പേരും യാത്ര ചെയ്തു.
ഇതുകൂടാതെ, ഇ-ഹെയിലിംഗ് സേവനങ്ങൾ വഴി 2,86,135 യാത്രക്കാരും, ഷെയർഡ് മൊബിലിറ്റി സംവിധാനങ്ങൾ വഴി 1,489 പേരും സഞ്ചരിച്ചു. മൊത്തം പൊതുഗതാഗതം, ടാക്‌സി, ഇ-ഹെയിലിംഗ്, ഷെയർഡ് മൊബിലിറ്റി സേവനങ്ങൾ ഉൾപ്പെടുത്തി 28,36,859 യാത്രക്കാരാണ് പുതുവത്സര രാത്രിയിൽ യാത്ര ചെയ്തത്. 2025ലെ ന്യൂ ഇയർസ് ഈവിൽ ഇത് 25,02,474 ആയിരുന്നു.
ആർടിഎയുടെ പ്രസ്താവന പ്രകാരം, കൃത്യമായ ആസൂത്രണവും വിവിധ ഏജൻസികൾ തമ്മിലുള്ള ഏകോപനവുമാണ് ഈ വിജയത്തിന് പിന്നിൽ. ലോകോത്തര ഇവന്റുകൾ സുരക്ഷിതമായും കാര്യക്ഷമമായും നടത്താനുള്ള ദുബായുടെ കഴിവാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. നഗരത്തിന്റെ വളർച്ചയ്‌ക്കൊപ്പം പൊതുഗതാഗതത്തിന്റെ പങ്കും വർധിക്കുമ്പോൾ, ഭാവിയിലെ സ്മാർട്ട് നഗര ദർശനത്തിലേക്ക് ദുബായ് കൂടുതൽ ഉറച്ച ചുവടുകളാണ് വെക്കുന്നതെന്ന ചിന്തയും ഇത് പങ്കുവെക്കുന്നു.




















