ദുബായ്: ലോകത്തിന്റെ പ്രിയപ്പെട്ട വിനോദസഞ്ചാര നഗരങ്ങളിലൊന്നായ ദുബായിലേക്ക് സന്ദർശകർ എത്തുന്ന നിമിഷം മുതൽ ലഭിക്കുന്ന സുഗമമായ യാത്രാനുഭവവും സ്മാർട്ട് സേവനങ്ങളും അടയാളപ്പെടുത്തി ലോക ടൂറിസം ദിനത്തിൽ ശ്രദ്ധേയമായ ദൃശ്യാവിഷ്കാരം പുറത്തിറക്കി ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്‌എ) ദുബായ്. വിനോദസഞ്ചാരവും ദുബായുടെ അത്യാധുനിക പ്രവേശന-വിസാ സംവിധാനങ്ങളും തമ്മിലുള്ള ബന്ധമാണ് മനോഹരമായ ദൃശ്യങ്ങളിലൂടെ വകുപ്പ് അവതരിപ്പിക്കുന്നത്.
‘Dubai Never Stops’ -എന്ന ആശയം മുൻനിർത്തിയുള്ള ദൃശ്യാവിഷ്കാരത്തിൽ വിമാനത്താവളങ്ങൾ മുതൽ കര-സമുദ്ര അതിർത്തികൾ വരെ വിവിധ പ്രവേശന കവാടങ്ങളിലൂടെ ദുബായിലെത്തുന്ന സന്ദർശകർക്ക് ലഭിക്കുന്ന സ്വീകരണവും അതിവേഗ സേവനങ്ങളും അവതരിപ്പിക്കുന്നു. സാങ്കേതികവിദ്യയുടെ വേഗത്തിനൊപ്പം പുഞ്ചിരിയോടെയുള്ള മാനുഷിക സമീപനവും ദുബായ് നൽകുന്ന യാത്രാനുഭവത്തിന്റെ ഭാഗമാണെന്ന സന്ദേശവും ദൃശ്യങ്ങൾ പങ്കുവയ്ക്കുന്നു.
ബുർജ് ഖലീഫ, ദുബായ് മാൾ, മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ, പാം ജുമൈറ തുടങ്ങി ലോകശ്രദ്ധ നേടിയ ആകർഷണങ്ങൾ, വൈവിധ്യമാർന്ന സാംസ്‌കാരിക അന്തരീക്ഷം, വിനോദ-ബിസിനസ് സൗകര്യങ്ങൾ എന്നിവ ദുബായെ ആഗോള വിനോദസഞ്ചാര ഭൂപടത്തിൽ ശ്രദ്ധേയമാക്കുമ്പോൾ, സന്ദർശകർക്ക് നഗരത്തിലേക്കുള്ള പ്രവേശനം ലളിതമാക്കുന്ന വിസാ-എമിഗ്രേഷൻ സംവിധാനങ്ങൾ ഈ വളർച്ചയ്ക്ക് പിന്തുണ നൽകുന്നു.
സഞ്ചാരികൾക്ക് കൂടുതൽ സൗകര്യപ്രദമായ വിസാ സംവിധാനങ്ങൾ
ഹ്രസ്വകാല സന്ദർശനങ്ങൾക്കുള്ള ടൂറിസ്റ്റ് വിസകൾ മുതൽ മൾട്ടിപ്പിൾ എൻട്രി സൗകര്യങ്ങൾ വരെ വിവിധ യാത്രാ ആവശ്യങ്ങൾക്ക് അനുയോജ്യമായ വിസാ സംവിധാനങ്ങൾ ലഭ്യമാണ്. ആവർത്തിച്ച് യുഎഇ സന്ദർശിക്കുന്നവർക്ക് അഞ്ചുവർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസയും പ്രധാന സൗകര്യമാണ്. സ്പോൺസറില്ലാതെ അപേക്ഷിക്കാവുന്ന ഈ വിസയിൽ ഓരോ സന്ദർശനത്തിലും 90 ദിവസം വരെ താമസിക്കാനും നിബന്ധനകൾക്ക് വിധേയമായി ഒരു വർഷത്തിൽ പരമാവധി 180 ദിവസം വരെ തുടരാനും അവസരമുണ്ട്. അപേക്ഷയ്ക്ക് ആവശ്യമായ സാമ്പത്തിക യോഗ്യതയുടെ ഭാഗമായി കഴിഞ്ഞ ആറുമാസത്തിനിടെ 4,000 യുഎസ് ഡോളറോ തത്തുല്യ തുകയോ ഉള്ള ബാങ്ക് ബാലൻസ് തെളിയിക്കേണ്ടതുണ്ട്.
യോഗ്യതയുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കുള്ള വിസ ഓൺ അറൈവൽ സൗകര്യങ്ങളും ട്രാൻസിറ്റ് യാത്രക്കാർക്കുള്ള പ്രത്യേക വിസാ സംവിധാനങ്ങളും ദുബായിലൂടെയുള്ള യാത്ര കൂടുതൽ സൗകര്യപ്രദമാക്കുന്നു.
ജിഡിആർഎഫ്‌എയുടെ ഡിജിറ്റൽ ചാനലുകളും അമർ സെന്ററുകളും വഴി വിവിധ വിസാ-റെസിഡൻസി സേവനങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം വിമാനത്താവളങ്ങളിലെ സ്മാർട്ട് ഗേറ്റുകളും ബയോമെട്രിക് സാങ്കേതികവിദ്യകളും യാത്രക്കാരുടെ നടപടിക്രമങ്ങൾ കൂടുതൽ വേഗത്തിലാക്കുന്നു. രേഖകളും നടപടിക്രമങ്ങളും പരമാവധി ലളിതമാക്കി സന്ദർശകന്റെ കാത്തിരിപ്പ് കുറയ്ക്കുകയെന്നതാണ് സ്മാർട്ട് സംവിധാനങ്ങളുടെ പ്രധാന ലക്ഷ്യം.
ദുബായ് സന്ദർശിക്കാനുള്ള തീരുമാനം എടുക്കുന്ന ഘട്ടത്തിലെ വിസാ നടപടികൾ മുതൽ വിമാനമിറങ്ങി എമിഗ്രേഷൻ പൂർത്തിയാക്കി നഗരത്തിലേക്ക് പ്രവേശിക്കുന്നതുവരെയുള്ള യാത്ര കൂടുതൽ സുഗമമാക്കുന്നതിൽ ജിഡിആർഎഫ്‌എയുടെ സേവനങ്ങൾക്ക് നിർണായക പങ്കുണ്ട്.
വർഷം മുഴുവൻ സജീവമായ വിനോദ പരിപാടികൾ, ഷോപ്പിംഗ് ഫെസ്റ്റിവലുകൾ, ഗ്ലോബൽ വില്ലേജ്, തീം പാർക്കുകൾ, ഡിസേർട്ട് അനുഭവങ്ങൾ, അന്താരാഷ്ട്ര പ്രദർശനങ്ങളും കോൺഫറൻസുകളും തുടങ്ങി വിനോദവും ബിസിനസും ഒരുമിക്കുന്ന നഗരമാണ് ദുബായ്. അതുകൊണ്ടുതന്നെ കുടുംബസഞ്ചാരികൾ മുതൽ ബിസിനസ് യാത്രികരും ആവർത്തിച്ച് എത്തുന്ന സന്ദർശകരും വരെ വ്യത്യസ്ത വിഭാഗങ്ങളിലുള്ള യാത്രക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്ന പ്രവേശന സംവിധാനങ്ങൾക്കും വലിയ പ്രാധാന്യമുണ്ട്.
ഒരു സഞ്ചാരി ദുബായിൽ കാൽവെക്കുന്ന നിമിഷം മുതൽ നഗരത്തെക്കുറിച്ച് മികച്ച ആദ്യ അനുഭവം നൽകുക എന്ന ആശയമാണ് ലോക ടൂറിസം ദിനത്തിലെ ജിഡിആർഎഫ്‌എയുടെ ദൃശ്യാവിഷ്കാരം മുന്നോട്ടുവയ്ക്കുന്നത്. ലോകോത്തര വിനോദസഞ്ചാര ആകർഷണങ്ങൾക്കൊപ്പം ലളിതമായ വിസാ നടപടികളും അതിവേഗ സ്മാർട്ട് എമിഗ്രേഷൻ സേവനങ്ങളും ഊഷ്മളമായ സ്വീകരണവും ചേർന്നതാണ് ദുബായുടെ സമഗ്ര യാത്രാനുഭവമെന്ന സന്ദേശത്തോടെയാണ് ദൃശ്യാവിഷ്കാരം ശ്രദ്ധ നേടുന്നത്.










