അബുദാബി: യു.എ.ഇയിലെ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അബുദാബിയിലെ ചരിത്ര പ്രസിദ്ധ മതാന്തര സൗഹൃദ കേന്ദ്രമായ അബ്രഹാമിക് ഫാമിലി ഹൗസ് സന്ദർശിച്ചു. യു.എ.ഇ സഹിഷ്ണുതാ-സഹവർത്തിത്വ കാര്യ മന്ത്രി ഷെയ്ഖ് നഹ്‌യാൻ ബിൻ മുബാറക് അൽ നഹ്‌യാൻ, എക്സിക്യൂട്ടിവ് അഫയേഴ്സ് അതോറിറ്റി ചെയർമാൻ ഖൽദൂൻ ഖലീഫ അൽ മുബാറക്, ഇസ്‌ലാമിക് അഫയേഴ്സ്-എൻഡോവ്മെന്റ്സ് & സകാത്ത് ജനറൽ അതോറിറ്റി ചെയർമാൻ ഡോ. ഉമർ ഹബ്തൂർ അൽ ദറാഈ, അബൂദബി സാംസ്കാരിക-ടൂറിസം വകുപ്പ് ചെയർമാനും അബ്രഹാമിക് ഫാമിലി ഹൗസ് പ്രസിഡന്റുമായ മുഹമ്മദ് ഖലീഫ അൽ മുബാറക് എന്നിവർ പ്രസിഡന്റ് ട്രംപിനെ സ്വീകരിച്ചു.
സമാധാനപരമായ സഹവർത്തിത്വം, പരസ്പര ധാരണ, മതാന്തര സംഭാഷണം എന്നിവ പ്രോത്സാഹിപ്പിക്കാനുള്ള അബ്രഹാമിക് ഫാമിലി ഹൗസിന്റെ ദൗത്യത്തെക്കുറിച്ച് യു.എസ് പ്രസിഡന്റിന് അധികൃതർ വിശദീകരിച്ചു കൊടുത്തു. പ്രസിഡന്റ് ട്രംപ് സ്ഥലത്തെ മൂന്ന് ആരാധനാലയങ്ങളായ ഇമാം അൽത്വയ്യിബ് മസ്ജിദ്, സെന്റ് ഫ്രാൻസിസ് ചർച്ച്, മോസസ് ബിൻ മൈമൺ സിനഗോഗ് എന്നിവ സന്ദർശിച്ചു. ശേഷം അദ്ദേഹം മത നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്രത്തിന്റെ വിദ്യാഭ്യാസ, സാമൂഹിക സംരംഭങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കി.