ദുബായ് : യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വരുംദിവസങ്ങളിൽ കാലാവസ്ഥാ വ്യതിയാനം പ്രകടമാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ (എൻസിഎം) മുന്നറിയിപ്പ്. ഉപരിതല ന്യൂനമർദ്ദത്തിന്റെ ഫലമായി ഇന്ന് ശനിയാഴ്ച മുതൽ രാജ്യത്ത് പരക്കെ മേഘാവൃതമായ അന്തരീക്ഷവും ശക്തമായ കാറ്റും മഴയും അനുഭവപ്പെടാൻ സാധ്യതയുണ്ട്. വടക്കൻ, കിഴക്കൻ മേഖലകളിലാണ് കൂടുതൽ മഴ പ്രതീക്ഷിക്കുന്നത്.വാഹനമോടിക്കുന്നവർ ശ്രദ്ധിക്കുക കാറ്റിൽ പൊടിയും മണലും ഉയരാൻ സാധ്യതയുള്ളതിനാൽ ദൂരക്കാഴ്ച കുറയും. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് അധികൃതർ നിർദേശിച്ചു.

അനിവാര്യമായ യാത്രകളിൽ വാഹനങ്ങൾ തമ്മിൽ സുരക്ഷിതമായ അകലം പാലിക്കാനും ലോ-ബീം ഹെഡ്‌ലൈറ്റുകൾ ഉപയോഗിക്കാനും ജാഗ്രത പാലിക്കണം.കടൽ പ്രക്ഷുബ്ധമായേക്കും കടൽക്ഷോഭത്തിന് സാധ്യതയുള്ളതിനാൽ കടലിൽ കുളിക്കുന്നതിനും ഡൈവിങ്ങിനും മറ്റ് വിനോദങ്ങൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും തിരമാലകൾ ശക്തമാകാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പുലർത്തണം. തിങ്കളാഴ്ച മുതൽ മാറ്റം ഞായറാഴ്ചയും തീരദേശ മേഖലകളിൽ മഴ തുടരാൻ സാധ്യതയുണ്ട്.

എന്നാൽ തിങ്കളാഴ്ച (ഡിസംബർ 22) മുതൽ കാലാവസ്ഥയിൽ ക്രമാനുഗതമായ പുരോഗതിയുണ്ടാകും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്നും ഔദ്യോഗിക ബുളളറ്റിനുകൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ അറിയിച്ചു.


























