ദുബായ് : ആരോഗ്യരംഗത്തെ നൂതന വെല്ലുവിളികൾ നേരിടാൻ നഴ്സിങ് മേഖലയെ സജ്ജമാക്കുന്നതിനായി മുഹമ്മദ് ബിൻ റാഷിദ് യൂണിവേഴ്സിറ്റി ഓഫ് മെഡിസിൻ ആൻഡ് ഹെൽത്ത് സയൻസസ് പുതിയ നഴ്സിങ് വിദ്യാഭ്യാസ പ്രോഗ്രാമുകൾ അവതരിപ്പിച്ചു. ദുബായ് ഹെൽത്തിന്റെ ഭാഗമായ ‘ഹിന്ദ് ബിൻ ത് മക്തൂം കോളജ് ഓഫ് നഴ്സിങ് ആൻഡ് മിഡ്‌വൈഫറി’ വഴിയാണ് രാജ്യാന്തര നിലവാരത്തിലുള്ള ഈ കോഴ്സുകൾ നടപ്പിലാക്കുന്നത്.ബിഎസ്‌സി മുതൽ സ്പെഷലൈസേഷൻ വരെ നഴ്സിങ് പഠനത്തിനായി ബിരുദ തലം മുതൽ സ്പെഷലൈസ്ഡ് പിജി കോഴ്സുകൾ വരെ നീളുന്ന സമഗ്രമായ പാതയാണ് സർവകലാശാല ഒരുക്കിയിരിക്കുന്നത്. പുതുതായി ആരംഭിച്ച ബാച്ചിലർ ഓഫ് സയൻസ് ഇൻ നഴ്സിങ് ആണ് ഇതിൽ പ്രധാനം. ഇതിനുപുറമെ, നഴ്സുമാർക്ക് അവരുടെ തൊഴിൽമേഖലയിൽ പ്രാവീണ്യം വർധിപ്പിക്കുന്നതിനായി നാല് പ്രധാന വിഭാഗങ്ങളിൽ മാസ്റ്റേഴ്സ് ബിരുദം, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ, പോസ്റ്റ് ഗ്രാജുവേറ്റ് സർട്ടിഫിക്കറ്റ് എന്നിവയും നൽകുന്നു: കാർഡിയോ വാസ്കുലർ നഴ്സിങ് (ഹൃദ്രോഗ വിഭാഗം), ക്രിട്ടിക്കൽ കെയർ നഴ്സിങ് (തീവ്രപരിചരണ വിഭാഗം), എമർജൻസി കെയർ നഴ്സിങ് (അടിയന്തര വിഭാഗം), പീഡിയാട്രിക് നഴ്സിങ് (ശിശുരോഗ വിഭാഗം).
ആരോഗ്യരംഗത്തെ ദേശീയ ശേഷി വർധിപ്പിക്കുന്നതിനും ആഗോള നിലവാരത്തിലുള്ള പ്രഫഷനലുകളെ വാർത്തെടുക്കുന്നതിനും ഈ പുതിയ നയങ്ങൾ അത്യന്താപേക്ഷിതമാണെന്ന് ദുബായ് ഹെൽത്ത് ഡപ്യൂട്ടി സിഇഒ ഡോ. ഹനാൻ അൽ സുവൈദി പറഞ്ഞു. വിദ്യാർഥികൾക്ക് ദുബായ് ഹെൽത്തിന് കീഴിലുള്ള അത്യാധുനിക ആശുപത്രികളിൽ നേരിട്ട് ക്ലിനിക്കൽ പരിശീലനം നേടാനുള്ള അവസരവും ഇതിലൂടെ ലഭിക്കും. നഴ്സിങ്ങിന് പുറമെ മറ്റ് പ്രധാന കോഴ്സുകൾ, ആറ് വർഷത്തെ മെഡിസിൻ പ്രോഗ്രാം, പിഎച്ച്ഡി ഇൻ ബയോമെഡിക്കൽ സയൻസസ്, വിവിധ ദന്തചികിത്സാ സ്പെഷലൈസേഷനുകൾ എന്നിവയും എംബിആർയുവിൽ ലഭ്യമാണ്. പരിശീലനത്തോടൊപ്പം ഗവേഷണത്തിനും തുല്യ പ്രാധാന്യം നൽകുന്നതാണ് ഇവിടുത്തെ പഠനരീതിയെന്ന് കോളജ് ഡീൻ പ്രഫസർ നിസാം അൽ നസീർ വ്യക്തമാക്കി


























