ദുബായ് : കനത്ത മഴയ്ക്കും കാറ്റിനും പിന്നാലെ യു.എ.ഇ തെളിഞ്ഞ കാലാവസ്ഥയിലേക്കും തണുപ്പിന്റെ കാഠിന്യത്തിലേക്കും നീങ്ങുന്നു. രാജ്യത്ത് ഏതാനും ദിവസങ്ങളായി തുടരുന്ന അസ്ഥിര കാലാവസ്ഥയ്ക്ക് നേരിയ ശമനാമാവുകയാണ്. വരും ദിവസങ്ങളിൽ താപനില ഇനിയും കുറയുമെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രത്തി(എൻസിഎം)ന്റെ വിലയിരുത്തൽ. ഇന്നലെ രാവിലെ മുതൽ മിക്കയിടങ്ങളിലും ഭാഗികമായി മേഘാവൃതമായ ആകാശമായിരുന്നു. എങ്കിലും, ഇടയ്ക്ക് വെയിൽ തെളിയുന്നത് ജനങ്ങൾക്ക് ആശ്വാസമാണ്. അതേസമയം, ഉൾപ്രദേശങ്ങളിലും പർവത നിരകളിലും തണുപ്പ് വർധിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയിൽ കുറഞ്ഞ താപനില 13 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നു. പകൽ താപനില പരമാവധി 24 ഡിഗ്രിയിലായിരുന്നു. തീര പ്രദേശങ്ങളിലും പടിഞ്ഞാറൻ മേഖലകളിലും ഇന്നും നേരിയ ചാറ്റൽ മഴയ്ക്ക് സാധ്യതയുണ്ട്.


























