ദുബായ് : താമസ–കുടിയേറ്റ നിയമങ്ങളിൽ വിപുലമായ പരിഷ്കാരങ്ങൾ യുഎഇ വീണ്ടും വരുത്തുന്നു. നിക്ഷേപകർക്കും വിദഗ്ധ തൊഴിലാളികൾക്കും സന്ദർശകർക്കും കൂടുതൽ സൗകര്യപ്രദമായ രീതിയിലാണ് ഫെഡറൽ അതോറിറ്റിയുടെ പുതിയ വീസ പരിഷ്കാരങ്ങൾ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) മേഖലയിലെ വിദഗ്ധർക്കായി പ്രത്യേക വീസ അനുവദിച്ചതാണ് പുതിയ മാറ്റങ്ങളിൽ ഏറ്റവും പ്രധാനം. ഇതോടൊപ്പം ക്രൂയിസ് ടൂറിസ്റ്റുകൾക്കും വിനോദ പരിപാടികൾക്കും പ്രദർശനങ്ങൾക്കുമായി എത്തുന്നവർക്കും പ്രത്യേക വീസ വിഭാഗങ്ങൾ ഏർപ്പെടുത്തി.
സന്ദർശക വീസ നിയമങ്ങളിലും നിബന്ധനകൾ കർശനമാക്കിയിട്ടുണ്ട്. സുഹൃത്തുക്കളെയും ബന്ധുക്കളെയും യുഎഇയിലേക്ക് കൊണ്ടുവരണമെങ്കിൽ സ്പോൺസർ ചെയ്യുന്ന വ്യക്തിയുടെ ശമ്പളത്തിന് കൃത്യമായ പരിധി നിശ്ചയിച്ചു. അടുത്ത ബന്ധുക്കൾക്ക് 4,000 ദിർഹവും സുഹൃത്തുക്കൾക്ക് 15,000 ദിർഹവുമാണ് കുറഞ്ഞ ശമ്പള പരിധി. ബിസിനസ് ആവശ്യങ്ങൾക്കായി എത്തുന്നവർ പ്രവൃത്തിപരിചയവും സാമ്പത്തിക ശേഷിയും വ്യക്തമാക്കുന്ന രേഖകൾ ഹാജരാക്കണം. ചരക്ക് നീക്കത്തിൽ ഏർപ്പെട്ടിരിക്കുന്ന വിദേശ ലോറി ഡ്രൈവർമാർക്ക് നിബന്ധനകളോടെ സിംഗിൾ, മൾട്ടിപ്പിൾ എൻട്രി വീസകൾ അനുവദിക്കാനും പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്.

മനുഷ്യത്വപരമായ പരിഗണനകൾക്കും പുതിയ നിയമത്തിൽ വലിയ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്. യുദ്ധമോ പ്രകൃതിക്ഷോഭങ്ങളോ നേരിടുന്ന രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സ്പോൺസർ ഇല്ലാതെ തന്നെ ഒരു വർഷത്തെ താമസ വീസ നൽകാൻ അതോറിറ്റിക്ക് അധികാരമുണ്ടാകും. യുഎഇ പൗരന്മാരെയോ താമസക്കാരെയോ വിവാഹം കഴിച്ച വിദേശികളായ വിധവകൾക്കും വിവാഹമോചിതർക്കും ആറ് മാസത്തെ താമസ വീസ അനുവദിക്കും. അമ്മമാർക്ക് തങ്ങളുടെ കുട്ടികളെ സ്പോൺസർ ചെയ്യാനും പുതിയ നിയമം അനുമതി നൽകുന്നു.ഗോൾഡൻ വീസ ഉടമകൾക്കായി വിദേശകാര്യ മന്ത്രാലയം അഞ്ച് പുതിയ സേവനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.


























