റാസൽഖൈമ: ശൈത്യകാലത്ത് യു.എ.ഇയിലെ ഏറ്റവും പ്രധാന വിനോദ ആകർഷണങ്ങളിൽ ഒന്നായ ജബൽ ജെയ്സ് താൽകാലികമായി അടച്ചു. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യവ്യാപകമായി പെയ്ത അതിശക്തമായ മഴയിൽ മേഖലയിൽ മലയിടിച്ചിലുണ്ടായ സാഹചര്യത്തിൽ സന്ദർശകരുടെ സുരക്ഷ കണക്കിലെടുത്താണ് നടപടിയെന്ന് അധികൃതർ അറിയിച്ചു. യു.എ.ഇയിലെ ഏറ്റവും ഉയരം കൂടിയ പർവത നിരകളാണ് ജബൽജെയ്സ്. ഈ വർഷം ഏറ്റവും കൂടുതൽ മഴ ലഭിച്ചത് റാസൽഖൈമയിലായിരുന്നു. മഴക്ക് പിന്നാലെയുണ്ടായ മലയിടിച്ചിലിൽ സന്ദർശകരുടെ നിരവധി വാഹനങ്ങൾ മണ്ണിനടിയിലായിരുന്നു. മുന്നറിയിപ്പുകൾ അവഗണിച്ച് പർവതങ്ങൾക്ക് സമീപം പാർക്ക് ചെയ്ത വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്.

ശൈത്യകാലമായതോടെ ജബൽജെയ്സ് മലനിരകളിൽ താപന നില മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നിരുന്നു. ഇതോടെ ഇവിടങ്ങളിലേക്കുള്ള സന്ദർശകരുടെ ഒഴുക്കും വ്യാപകമാണ്. ഡിസംബർ, ജനുവരി മാസങ്ങളിൽ താമസക്കാരും സന്ദർശകരും ജബൽ ജയ്സ് മലകമുകളിൽ ക്യാമ്പ് ചെയ്യുന്നത് പതിവാണ്. രാത്രി ക്യാമ്പുകളിൽ കിടന്ന ശേഷം മഞ്ഞുമൂടുന്ന പുലർവേളകളിൽ എഴുന്നേൽക്കുന്നത് മനോഹരമായ അനുഭവമാണ്. താമസക്കാരും സന്ദർശകരും ഈ വരുന്ന വാരാന്ത്യങ്ങളിൽ ജബൽജയ്സിലേക്കുള്ള യാത്ര മുൻകൂട്ടി ആസൂത്രണം ചെയ്യുന്നതിനിടെയാണ് അതിശക്തമായ മഴ പെയ്തത്. ഇത് മേഖലയിൽ വലിയ തോതിലുള്ള മണ്ണിടിച്ചിലും വെള്ളപ്പൊക്കത്തിന് കാരണമായി. മലയോര മേഖലയിലേക്കുള്ള റോഡുകൾക്ക് തകരാറുകൾ സംഭവിച്ചിരുന്നു. തുടർന്ന് റോഡുകളിൽ താൽകാലിക നിയന്ത്രണമേർപ്പെടുത്തിയ ശേഷം സുരക്ഷ സംഘം പരിശോധന നടത്തുകയും അറ്റകുറ്റപണികൾ പൂർത്തിയാക്കുകയുമായിരുന്നു. എന്നാൽ, മലമുകളിലേക്കുള്ള പ്രവേശനം എന്ന് പുനസ്ഥാപിക്കുമെന്ന് വ്യക്തമല്ല.


























