റാസൽഖൈമ: ഇസ്രയേൽ – പലസ്തീൻ സംഘർഷത്തെ തുടർന്ന് ദുരിതം അനുഭവിക്കുന്ന ഗാസയിലെ കുട്ടികൾക്കും സ്ത്രീകൾക്കും സാന്ത്വനമേകി യുഎഇയുടെ സഹായഹസ്തം. സഖർ ബിൻ മുഹമ്മദ് അൽ ഖാസിമി ഫൗണ്ടേഷൻ ഫോർ ചാരിറ്റി ആൻഡ് ഹ്യുമാനിറ്റേറിയൻ വർക്സ് നൽകുന്ന ചികിത്സാ-പ്രതിരോധ സാമഗ്രികളടങ്ങിയ വാഹനവ്യൂഹം ഗാസ മുനമ്പിൽ പ്രവേശിച്ചു. യുഎഇ സർക്കാരിന്റെ കാരുണ്യ പദ്ധതിയായ ‘ഓപറേഷൻ ഷിവൽറസ് നൈറ്റ്-3’ യുടെ ഭാഗമായാണ് 30 ടണ്ണോളം വരുന്ന അവശ്യവസ്തുക്കൾ അർഹരിലേക്കെത്തിയത്.
പോഷകാഹാരക്കുറവ് പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള യൂണിസെഫ് അംഗീകൃത ഉൽപന്നങ്ങളാണ് സഹായത്തിലുള്ളത്. നിലക്കടല, പാൽ, പഞ്ചസാര, കൊഴുപ്പ് എന്നിവ ചേർത്ത പോഷക മിശ്രിതങ്ങൾ, അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ, ഫാറ്റി ആസിഡുകൾ എന്നിവയാൽ സമ്പുഷ്ടമായ പ്രതിരോധ മരുന്നുകൾ എന്നിവ ഇതിലുൾപ്പെടുന്നു.
ഏകദേശം 20,000 കുട്ടികൾക്കും സ്ത്രീകൾക്കും ഈ സഹായം വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവരുടെ ആരോഗ്യം വീണ്ടെടുക്കുന്നതിനും പോഷകാഹാരക്കുറവ് മൂലമുള്ള അസുഖങ്ങൾ തടയുന്നതിനും പുതിയ സഹായമെത്തിക്കൽ വഴി സാധ്യമാകും. നേരത്തെ, പ്രത്യേക വിമാനത്തിൽ ഈജിപ്തിലെ അൽ അരീഷ് നഗരത്തിലെത്തിച്ച വസ്തുക്കൾ, കർശനമായ സുരക്ഷാ പരിശോധനകൾക്കും നടപടിക്രമങ്ങൾക്കും ശേഷമാണ് ഗസ്സയിലേക്ക് കൊണ്ടുപോയത്. ഗാസയിലെ ജനങ്ങളുടെ ദുരിതം ലഘൂകരിക്കാനും ഏറ്റവും ദുർബലരായ വിഭാഗങ്ങളെ സംരക്ഷിക്കാനുമുള്ള യുഎഇയുടെയും സഖർ ചാരിറ്റി ഫൗണ്ടേഷന്റെയും പ്രതിബദ്ധതയാണ് ഈ ഉദ്യമത്തിലൂടെ വ്യക്തമാകുന്നത്


























