ദുബായ്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യയുടെ സുരക്ഷിതവും ഉത്തരവാദിത്തപൂർണ്ണവുമായ ഉപയോഗത്തിൽ ആഗോള മാതൃകയായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA). അന്താരാഷ്ട്ര നിലവാരമായ ISO/IEC 42001:2023 പ്രകാരമുള്ള എഐ മാനേജ്‌മെന്റ് സിസ്റ്റം സർട്ടിഫിക്കേഷൻ കരസ്ഥമാക്കിയാണ് ജിഡിആർഎഫ്എ പുതിയ ചരിത്രം കുറിച്ചത്. ദുബായിലെ താമസ-കുടിയേറ്റ സേവനങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ കൃത്രിമ ബുദ്ധിയെ ഫലപ്രദമായി ഉപയോഗിക്കുന്ന ഡയറക്ടറേറ്റിന്റെ പ്രവർത്തനങ്ങൾക്കുള്ള വലിയൊരു അംഗീകാരമാണിത്. ബ്രിട്ടീഷ് സ്റ്റാൻഡേർഡ്സ് ഇൻസ്റ്റിറ്റ്യൂട്ട് (BSI) നടത്തിയ കർശനമായ ഓഡിറ്റുകൾക്ക് ശേഷമാണ് ഈ അന്താരാഷ്ട്ര സർട്ടിഫിക്കേഷൻ നൽകിയത്.

ദുബായിലെ പൗരന്മാർക്കും വിദേശികൾക്കും നൽകുന്ന വിസ, താമസാനുമതി സേവനങ്ങൾ കൂടുതൽ സുതാര്യവും വേഗതയുള്ളതുമാക്കാൻ എഐ ഗവർണൻസ് സഹായിക്കും. നൈതികതയും ഡാറ്റാ സുരക്ഷയും ഉറപ്പാക്കിക്കൊണ്ട് എങ്ങനെ എഐ സാങ്കേതികവിദ്യ ഒരു സർക്കാർ സ്ഥാപനത്തിൽ നടപ്പിലാക്കാം എന്നതിന് ആഗോളതലത്തിൽ തന്നെ ഈ നേട്ടം ഒരു ബെഞ്ച്മാർക്കായി മാറുകയാണ്. നെതർലാൻഡ്‌സിലെ ഡച്ച് അക്രഡിറ്റേഷൻ കൗൺസിൽ (RvA) അംഗീകരിച്ച ഈ സർട്ടിഫിക്കേഷൻ ജിഡിആർഎഫ്എയുടെ ഡിജിറ്റൽ ഭരണസംവിധാനത്തിലുള്ള വിശ്വാസ്യത വർദ്ധിപ്പിക്കുന്നു.
ജിഡിആർഎഫ്എ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. മനുഷ്യകേന്ദ്രീകൃതമായ സേവനങ്ങൾ ഉറപ്പാക്കാനാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും, എഐ ഗവർണൻസ് എന്നത് കേവലം സാങ്കേതികമായ മാറ്റമല്ല, മറിച്ച് ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. ഉപമേധാവി മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.

ഭാവിയിലെ സ്മാർട്ട് അതിർത്തി സംവിധാനങ്ങൾക്കും ഡിജിറ്റൽ തിരിച്ചറിയൽ രേഖകൾക്കും കൂടുതൽ കരുത്തേകുന്നതാണ് ഈ പുതിയ നേട്ടം. ഗവർണൻസ്, റിസ്‌ക് മാനേജ്‌മെന്റ് എന്നീ മേഖലകളിൽ അന്താരാഷ്ട്ര നിലവാരം പുലർത്തുന്നത് വഴി ഉപഭോക്താക്കളുടെ വിവരങ്ങൾ കൂടുതൽ സുരക്ഷിതമായി കൈകാര്യം ചെയ്യാൻ ഡയറക്ടറേറ്റിന് സാധിക്കും. ദുബായിയെ ലോകത്തിലെ ഏറ്റവും മികച്ച ഡിജിറ്റൽ ഭരണകേന്ദ്രമാക്കി മാറ്റാനുള്ള ദർശനത്തിന് ഈ നേട്ടം വലിയ ഊർജ്ജമാണ് പകരുന്നത്.


























