ദുബായ്: യുഎഇയിലെ പ്രമുഖ റീട്ടെയ്ൽ ശൃംഖലയായ ഷക്ലാൻ ഗ്രൂപ്പ് ഉപഭോക്താക്കൾക്കായി ആവേശകരമായ പുതിയ മെഗാ പ്രമോഷൻ പദ്ധതി പ്രഖ്യാപിച്ചു. ദുബായിൽ ഒരു ആഡംബര അപ്പാർട്ട്മെന്റ് സ്വന്തമാക്കാൻ അവസരമൊരുക്കുന്ന ‘വിൻ എ ഡ്രീം ഹോം’ (Win a Dream Home) എന്ന ക്യാമ്പയിനാണ് ഗ്രൂപ്പ് തുടക്കം കുറിച്ചിരിക്കുന്നത്. 1997 മുതൽ യുഎഇയുടെ റീട്ടെയ്ൽ മേഖലയിൽ സജീവമായ ഷക്‌ലാൻ ഗ്രൂപ്പ്, തങ്ങളുടെ ഉപഭോക്താക്കളുടെ വിശ്വസ്തതയ്ക്ക് പ്രതിഫലമായി നൽകുന്ന ഏറ്റവും വലിയ സമ്മാന പദ്ധതികളിൽ ഒന്നാണിതെന്ന് മാനേജ്‌മെന്റ് അറിയിച്ചു. 2025 ഡിസംബർ 23 മുതൽ 2026 മാർച്ച് 22 വരെ നീണ്ടുനിൽക്കുന്ന ഈ ക്യാമ്പയിൻ പ്രവാസികൾക്കും സ്വദേശികൾക്കും ഒരുപോലെ വലിയ പ്രതീക്ഷയാണ് നൽകുന്നത്.
ഷക്‌ലാൻ ഗ്രൂപ്പിന്റെ വിവിധ ഔട്ട്‌ലെറ്റുകളിൽ നിന്ന് വെറും 50 ദിർഹത്തിന് ഷോപ്പിംഗ് നടത്തുന്ന ആർക്കും ഈ ബൃഹത്തായ നറുക്കെടുപ്പിന്റെ ഭാഗമാകാൻ സാധിക്കും. ദുബായിലെ ആഡംബര വസതിക്ക് പുറമെ, ഒരു ജാക് ജെ.എസ്.4 (Jac JS4) കാർ, ഏറ്റവും പുതിയ ഐഫോൺ 17 സ്മാർട്ട്ഫോണുകൾ തുടങ്ങി ആകർഷകമായ നിരവധി സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. 12 ആഴ്ച നീണ്ടുനിൽക്കുന്ന ക്യാമ്പയിനിൽ ഓരോ ആഴ്ചയും നറുക്കെടുപ്പുകൾ നടക്കും. ആകെ 13 ഭാഗ്യശാലികളെയാണ് ഈ പദ്ധതിയിലൂടെ തിരഞ്ഞെടുക്കുന്നത്. എല്ലാ നറുക്കെടുപ്പുകളുടെയും അന്തിമ പ്രഖ്യാപനം 2026 മാർച്ച് 23-ന് നടക്കും.

ദുബായിൽ നടന്ന ചടങ്ങിൽ ഷക്‌ലാൻ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അബു ഹാരിസ്, സി.ഇ.ഒ സമീർ എം.പി, എക്‌സിക്യൂട്ടീവ് ഡയറക്ടർ ഷമീൽ സലാം എന്നിവർ ചേർന്നാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ബോർഡ് അംഗങ്ങളായ നിഹാൽ നാസർ, ആദിൽ അബു ഹാരിസ്, ഓപ്പറേഷൻസ് മാനേജർ ഷാജിമോൻ പി, ഫിനാൻസ് മാനേജർ ഷഫീഖ് വി.പി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഉപഭോക്താക്കൾക്ക് ലോകോത്തര നിലവാരമുള്ള ഉൽപ്പന്നങ്ങളും പുതിയ ഷോപ്പിംഗ് അനുഭവങ്ങളും നൽകുക എന്ന ഗ്രൂപ്പിന്റെ ലക്ഷ്യത്തിന്റെ ഭാഗമായാണ് ഇത്തരമൊരു സംരംഭത്തിന് തുടക്കമിട്ടതെന്ന് അബു ഹാരിസ് ചടങ്ങിൽ വ്യക്തമാക്കി.
യുഎഇയുടെ വിപണിയിൽ സൂപ്പർമാർക്കറ്റുകൾ, ഹൈപ്പർമാർക്കറ്റുകൾ, ഡിപ്പാർട്ട്‌മെന്റ് സ്റ്റോറുകൾ എന്നിവയുമായി വലിയൊരു ശൃംഖല തന്നെ ഷക്ലാൻ ഗ്രൂപ്പിനുണ്ട്. കാലാനുസൃതമായ മാറ്റങ്ങളും അത്യാധുനിക സാങ്കേതികവിദ്യകളും കോർത്തിണക്കി ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിൽ ഗ്രൂപ്പ് എപ്പോഴും മുൻപന്തിയിലാണ്. ഈ പുതിയ ക്യാമ്പയിൻ വഴി സാധാരണക്കാരായ ഉപഭോക്താക്കളുടെ ജീവിതത്തിൽ ഗുണപരമായ മാറ്റം കൊണ്ടുവരാൻ സാധിക്കുമെന്നാണ് ഗ്രൂപ്പിന്റെ പ്രതീക്ഷ. തങ്ങളുടെ സ്വപ്ന ഭവനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഈ സുവർണ്ണാവസരം പ്രയോജനപ്പെടുത്താവുന്നതാണ്.


























