ദുബൈ: ശൈഖ് സായിദ് ബിൻ ഹംദാൻ പാലത്തിന് സമീപം ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 19 പേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു. ഇതിൽ എട്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
സാങ്കേതിക തകരാറിനെ തുടർന്ന് റോഡിൽ നിർത്തിയിരുന്ന ബസിന്റെ പിറകിലേക്ക് ട്രക്ക് ഇടിച്ചുകയറുകയായിരുന്നു അപകടകാരണമെന്ന് ദുബൈ പൊലീസ് അറിയിച്ചു. ബസുമായി ആവശ്യമായ അകലം പാലിക്കാതിരുന്നതാണ് അപകടത്തിന് കാരണമായതെന്നും ട്രക്ക് ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെട്ടാണ് ശക്തമായ ഇടിയുണ്ടായതെന്നും അധികൃതർ വ്യക്തമാക്കി.
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തിൽപ്പെട്ടവരുടെ പേരുവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. കൂട്ടിയിടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങളും പൂർണമായും തകർന്നു.
അപകടം നടന്ന ഉടൻ ട്രാഫിക് പട്രോളിങ് സംഘവും അന്വേഷണ സംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതായി ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ ജുമ സലിം ബിൻ സുവൈദാൻ അറിയിച്ചു. പ്രദേശത്തെ ഗതാഗതവും പിന്നീട് തിരിച്ചുവിട്ടു.
തിരക്കേറിയ റോഡുകളിൽ വാഹന തകരാർ സംഭവിക്കുമ്പോൾ ഹസാർഡ് ലൈറ്റുകൾ തെളിയിക്കുകയും മുന്നറിയിപ്പ് സൂചന സ്ഥാപിക്കുകയും ഉടൻ പൊലീസിൽ വിവരം അറിയിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു. വാഹനങ്ങളുടെ സാങ്കേതിക സുരക്ഷ കൃത്യമായി പരിശോധിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
റോഡിന് നടുവിൽ വാഹനം നിർത്തുന്നതിന് 1000 ദിർഹം പിഴയും ആറു ബ്ലാക്ക് പോയിന്റും ശിക്ഷയായി ലഭിക്കുമെന്ന് ദുബൈ പൊലീസ് മുന്നറിയിപ്പ് നൽകി.











































