ദുബായ്: 2026-നെ ആവേശത്തോടെ വരവേൽക്കാൻ ദുബായ് ഒരുങ്ങുമ്പോൾ, താമസക്കാർക്കും സന്ദർശകർക്കുമായി വിപുലമായ യാത്രാ സൗകര്യങ്ങളും സമയക്രമവും പ്രഖ്യാപിച്ച് റോഡ് ഗതാഗത അതോറിറ്റി (RTA). പുതുവത്സര അവധിയോടനുബന്ധിച്ച് ജനുവരി ഒന്നിന് എമിറേറ്റിലെ പൊതു പാർക്കിംഗ് കേന്ദ്രങ്ങൾ സൗജന്യമായിരിക്കും. എന്നാൽ മൾട്ടി സ്റ്റോറി പാർക്കിംഗ് കേന്ദ്രങ്ങൾക്കും അൽ ഖൈൽ ഗേറ്റ് (N-365) മേഖലയ്ക്കും ഈ ആനുകൂല്യം ബാധകമായിരിക്കില്ല. ജനുവരി രണ്ട് വെള്ളിയാഴ്ച മുതൽ പാർക്കിംഗ് നിരക്കുകൾ പുനരാരംഭിക്കും. ആഘോഷരാത്രിയിലെ വൻ തിരക്ക് പരിഗണിച്ച് ദുബായ് മെട്രോയും ട്രാം സർവീസുകളും അധിക സമയം പ്രവർത്തിപ്പിക്കാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്.

യാത്രക്കാരുടെ സൗകര്യാർത്ഥം ദുബായ് മെട്രോയുടെ റെഡ്, ഗ്രീൻ ലൈനുകൾ ഡിസംബർ 31 ബുധനാഴ്ച രാവിലെ 5 മണി മുതൽ ജനുവരി 1 വ്യാഴാഴ്ച രാത്രി 11:59 വരെ 43 മണിക്കൂർ തുടർച്ചയായി സർവീസ് നടത്തും. ദുബായ് ട്രാം ഡിസംബർ 31 രാവിലെ 6 മണി മുതൽ ജനുവരി 2 വെള്ളിയാഴ്ച പുലർച്ചെ 1 മണി വരെ ലഭ്യമാകും. പ്രധാന ആഘോഷ കേന്ദ്രങ്ങളായ ബുർജ് ഖലീഫ, ഡൗൺടൗൺ എന്നിവിടങ്ങളിലെ റോഡ് നിയന്ത്രണങ്ങൾ കണക്കിലെടുത്ത് പൊതുജനങ്ങൾ മെട്രോ സേവനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ആർടിഎ നിർദ്ദേശിച്ചു. തിരക്ക് നിയന്ത്രിക്കാൻ ബുർജ് ഖലീഫ/ദുബായ് മാൾ ഉൾപ്പെടെയുള്ള സ്റ്റേഷനുകളിൽ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

അന്തർ-എമിറേറ്റ് ബസ് സർവീസുകളിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അബുദാബിയിലേക്കുള്ള E100 ബസ് ഡിസംബർ 31 ഉച്ചയ്ക്ക് ശേഷം അൽ ഗുബൈബ സ്റ്റേഷനിൽ നിന്ന് സർവീസ് നടത്തില്ല. പകരം യാത്രക്കാർക്ക് ഇബ്നു ബത്തൂത്ത സ്റ്റേഷനിൽ നിന്നുള്ള E101 ബസിനെ ആശ്രയിക്കാം. മറൈൻ ട്രാൻസ്‌പോർട്ട് സർവീസുകളുടെ സമയക്രമത്തിൽ മാറ്റമുണ്ടാകുമെന്നും വിശദമായ വിവരങ്ങൾ ആർടിഎയുടെ വെബ്സൈറ്റിലോ ‘S’hail’ ആപ്പിലോ ലഭ്യമാകുമെന്നും അറിയിപ്പിലുണ്ട്. ജനുവരി ഒന്നിന് ആർടിഎ കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾക്ക് അവധിയായിരിക്കുമെങ്കിലും സ്മാർട്ട് സെന്ററുകൾ 24 മണിക്കൂറും പ്രവർത്തിക്കും.പുതുവത്സരാഘോഷങ്ങൾക്കായി എത്തുന്നവർ കൃത്യമായ പ്ലാനിംഗോടെ യാത്രകൾ ക്രമീകരിക്കണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. ലക്ഷക്കണക്കിന് ആളുകൾ ഒത്തുചേരുന്ന സാഹചര്യത്തിൽ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കുന്നത് യാത്ര സുഗമമാക്കാൻ സഹായിക്കും.


























