ദുബായ് :ശൈത്യകാല ക്യാംപിനോടനുബന്ധിച്ചു മരുഭൂമിയിൽ സ്ഥാപിക്കുന്ന കൂടാരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനു പരിശോധന ഊർജിതമാക്കി ദുബായ് നഗരസഭ. നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണു പരിശോധനയും ബോധവൽക്കരണവും ഊർജിതമാക്കിയത്. അനുമതിയില്ലാതെ മരുഭൂമിയിൽ ഡ്രോണുകൾ ഉപയോഗിക്കുന്നതും സൈറ്റുകൾ മറ്റൊരാൾക്കു വാടകയ്ക്കു നൽകുന്നതും അനുവദിക്കില്ലെന്നും പറഞ്ഞു.അനധികൃതമായി ടെന്റുകൾ നിർമിച്ച് ഉപവാടകയ്ക്കു നൽകിയ 3 ക്യാംപുകൾക്കും അനുമതിയില്ലാതെ ഡ്രോണുകൾ പറത്തിയതിന് ഒരു ക്യാംപിനും മുന്നറിയിപ്പു നൽകി. മറ്റുള്ളവർക്കു ശല്യമുണ്ടാക്കുന്ന രീതിയിൽ പെരുമാറിയതിനു 3 ക്യാംപുകൾക്കെതിരെയും നടപടി സ്വീകരിച്ചു.

അഗ്നിശമന സേനയുടെ സഹകരണത്തോടെ ക്യാംപ് ഉടമകൾക്കായി ബോധവൽക്കരണവും നടത്തിവരുന്നു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ 24 മണിക്കൂറും ആംബുലൻസ് സേവനം ലഭ്യമാക്കിയിട്ടുണ്ട്. നിയമലംഘനങ്ങൾ തടയുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി പൊലീസുമായി സഹകരിച്ചു പരിശോധനകൾ നടത്തിവരികയാണ്. ക്യാംപ് പരിസരങ്ങളിലെ അനധികൃത തെരുവ് കച്ചവടക്കാർക്കും ഹുക്ക (ശീഷ) വിൽക്കുന്നവർക്കും എതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഓർമിപ്പിച്ചു. താമസക്കാർക്കും സന്ദർശകർക്കും സുരക്ഷിതവും സന്തോഷകരവുമായ ശീതകാലം ആസ്വദിക്കാനുള്ള സൗകര്യമൊരുക്കുകയാണു ലക്ഷ്യം.


























