ദുബായ് : ജനങ്ങൾക്കിടയിൽ സുരക്ഷാ അവബോധം വർധിപ്പിക്കാനും, എമിറേറ്റിലെ വൈവിധ്യ പ്രവാസി സമൂഹങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ട് ദുബൈ പൊലിസ് ‘അൽ വുഹൈദ കമ്യൂണിറ്റി ഫോറം’ സംഘടിപ്പിച്ചു.യു.എ.ഇ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള പോസിറ്റിവ് സ്പിരിറ്റ് കൗൺസിലും അൽ മുറഖബാത്ത് പൊലിസ് സ്റ്റേഷനും സംയുക്തമായി നടത്തിയ ഫോറത്തിൽ 4,700ലധികം പേർ ഗുണഭോക്താക്കളായി. ശക്തമായ സാമൂഹിക ഇടപെടലും സഹകരണവും പ്രതിഫലിപ്പിക്കുന്നതായിരുന്നു പരിപാടികൾ.പൊതുജനങ്ങളുമായി പൊലിസിനെ കൂടുതൽ അടുപ്പിക്കാനായി രൂപകൽപന ചെയ്ത വിശാലമായ ഔട്ട്റീച്ച് പ്രോഗ്രാമിന്റെ ഭാഗമായി ഒരുക്കിയ പരിപാടികളിൽ പ്രഭാഷണങ്ങളും, സാംസ്കാരിക പ്രവർത്തനങ്ങളും; ഗതാഗത സുരക്ഷ, കുറ്റകൃത്യങ്ങൾ തടയൽ, പ്രധാന പൊലിസ് സേവനങ്ങൾ എന്നിവ ലഭിക്കാനുള്ള വഴികളും സംബന്ധമായി താമസക്കാർക്ക് അധികൃതർ വിശദീകരിച്ചു കൊടുത്തു.
അൽ മുറഖബാത്ത് പൊലിസ് സ്റ്റേഷൻ ഡെപ്യൂട്ടി ഡയരക്ടർ ലഫ്റ്റനന്റ് കേണൽ മജിദ് ഈസ റിദാ, പോസിറ്റിവ് സ്പിരിറ്റ് കൗൺസിൽ ചെയർപേഴ്‌സൺ ഫാത്തിമ ബുഹാജിർ, ക്യാപ്റ്റൻ ഹമീദ് ഖലീഫ അൽ മർറി എന്നിവരും; ‘യുവർ നയ്ബർഹുഡ് പോലിസ്, ‘ഓൺ ദി ഗോ’ സംരംഭങ്ങളിലെ ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.
സുസ്ഥിര സുരക്ഷയ്ക്കുള്ള ദുബൈ പൊലിസിന്റെ സമീപനത്തിന്റെ ഭാഗമാണ് ഈ ഫോറങ്ങളെന്ന് ലഫ്റ്റനന്റ് കേണൽ റിദാ പറഞ്ഞു. പങ്കാളിത്തവും സമൂഹ ക്ഷേമത്തിനായുള്ള പങ്കിട്ട ഉത്തരവാദിത്തവും കെട്ടിപ്പടുക്കുന്നതിന് താമസക്കാരുമായി നേരിട്ട് ഇടപഴകുന്നതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.
സഹിഷ്ണുതയും സഹവർത്തിത്വവും പ്രോത്സാഹിപ്പിക്കുന്നതിൽ കൗൺസിലിന്റെ പങ്ക് ഫാത്തിമ ബുഹാജിർ എടുത്തു പറഞ്ഞു. അത്തരം പരിപാടികൾ വൈവിധ്യമാർന്ന സംസ്കാരങ്ങളെ ഒരുമിച്ച് കൊണ്ടു വരികയും പൊലിസ് സേവനങ്ങൾ പൊതുജനങ്ങൾക്ക് കൂടുതൽ പ്രാപ്യമാക്കുകയും ചെയ്യുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.ഫോറത്തിനിടെ, നിരവധി വകുപ്പുകളിൽ നിന്നുള്ള വിദഗ്ധർ ബോധവൽക്കരണ സെഷനുകൾ നടത്തി. ജനറൽ ട്രാഫിക് ഡിപാർട്മെന്റ് റോഡ് സുരക്ഷാ ചട്ടങ്ങൾ ബന്ധപ്പെട്ടവർ വിശദീകരിച്ചു. അതേസമയം, ജനറൽ ഡിപാർട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഇക്രൈം പ്ലാറ്റ്‌ഫോമും വിക്ടിം സപ്പോർട്ട് സേവനവും അവതരിപ്പിച്ചു. അടിയന്തര സാഹചര്യങ്ങളിൽ മാത്രം 999ഉം, അടിയന്തരമല്ലാത്ത അന്വേഷണങ്ങൾക്ക് 901ഉം ഉപയോഗിക്കാൻ ജനറൽ ഓപറേഷൻസ് ഡിപാർട്മെന്റ് പൊതുജനങ്ങളെ ഓർമിപ്പിച്ചു. വിവിധ പൊലിസ് സേവനങ്ങൾ ലഭിക്കാൻ ദുബായ് പൊലിസ് സ്മാർട്ട് ആപ്പും ഔദ്യോഗിക വെബ്‌സൈറ്റും ഉപയോഗിക്കാൻ താമസക്കാരെ അധികൃതർ ഉണർത്തി.

























