ന്യൂഡൽഹി: അമേരിക്കൻ ഉപരോധം ലംഘിച്ചതായി സംശയിക്കുന്ന ഇറാനുമായി ബന്ധമുള്ള മൂന്ന് എണ്ണക്കപ്പലുകൾ ഇന്ത്യ പിടിച്ചെടുത്തു. മുംബൈ തീരത്തിൽ നിന്ന് ഏകദേശം 100 നോട്ടിക്കൽ മൈൽ അകലെയായിരുന്നു കപ്പലുകൾ കണ്ടെത്തിയത്. ഇന്ത്യൻ കോസ്റ്റ് ഗാർഡാണ് ഇവ തടഞ്ഞത്.
സ്റ്റെല്ലാർ റൂബി, ആസ്ഫാൽറ്റ് സ്റ്റാർ, അൽ ജാഫ്‌സിയ എന്നീ കപ്പലുകളെയാണ് പിടികൂടിയത്. തുടർന്ന് ഇവയെ മുംബൈ തുറമുഖത്തേക്ക് മാറ്റി. കപ്പലുകളോ ചരക്കുകളോ തങ്ങളുമായി ബന്ധമുള്ളതല്ലെന്ന് നാഷണൽ ഇറാനിയൻ ഓയിൽ കമ്പനിയെ ഉദ്ധരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ അറിയിച്ചു.
അതേസമയം സമാന ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ നമ്പറുകളുള്ള ഗ്ലോബൽ പീസ്, ചിൽ 1, ഗ്ലോറി സ്റ്റാർ 1 എന്നീ കപ്പലുകൾക്ക് കഴിഞ്ഞ വർഷം യു.എസ് ഓഫീസ് ഓഫ് ഫോറിൻ അസറ്റ് കൺട്രോൾ ഉപരോധം ഏർപ്പെടുത്തിയിരുന്നു.
കപ്പലിൽ നിന്ന് കപ്പലിലേക്ക് എണ്ണ മാറ്റി നിറയ്ക്കുകയും പേരുവിവരങ്ങൾ നിരന്തരം മാറ്റുകയും ചെയ്യുന്ന അനധികൃത വ്യാപാര ശൃംഖലയുടെ ഭാഗമായിരിക്കാമെന്നാണ് സംശയം. ഇത്തരം ഇടപാടുകൾ തടയാൻ സമുദ്രമേഖലയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
ഇന്ത്യൻ സമുദ്രമേഖലയിൽ നിലവിൽ ഏകദേശം 55 കപ്പലുകളും 12ഓളം വിമാനങ്ങളും 24 മണിക്കൂറും നിരീക്ഷണം നടത്തുന്നുണ്ട്.









































