അബുദാബിയില്‍ അനാരോഗ്യകരമായ ഭക്ഷണ-പാനീയങ്ങളുടെ പരസ്യങ്ങള്‍ക്ക് നിരോധനം. അമിതവണ്ണം, പ്രമേഹം ഉള്‍പ്പെടെയുള്ള ജീവിതശൈലി രോഗങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. മറ്റ് ഭക്ഷ്യ വസ്തുക്കളുടെ പരസ്യങ്ങള്‍ക്ക് ആരോഗ്യ വിഭാഗത്തിന്റെ പ്രത്യേക അനുനമതിയും ആവശ്യമാണ്.
അബുദാബിയിലെ പൊതു ഇടങ്ങളിലാണ് അനാരോഗ്യകരമായ ജങ്ക് ഫുഡുകളുടെ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കെട്ടിടങ്ങള്‍, ബോര്‍ഡുകള്‍, ബസുകള്‍, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍, ടാക്‌സികള്‍, ഡെലിവറി വാഹനങ്ങള്‍ എന്നിവയില്‍ ഇത്തരം ഭക്ഷണങ്ങളുടെ പരസ്യം പതിക്കാന്‍ പാടില്ലെന്ന് ഉത്തരവില്‍ പറയുന്നു. ലൈസന്‍സുള്ള പരസ്യ ഏജന്‍സികള്‍, പ്രസിദ്ധീകരണ സ്ഥാപനങ്ങള്‍, ഭക്ഷ്യ ബ്രാന്‍ഡുകള്‍, റെസ്റ്റോറന്റുകള്‍, കഫേകള്‍, ഗ്രോസറികള്‍ തുടങ്ങിയവര്‍ക്കെല്ലാം നിയമം ബാധകമാണ്.
ചിത്രങ്ങളോ വീഡിയോകളോ ഉള്‍പ്പെടുത്തിയുള്ള പരസ്യങ്ങള്‍ക്ക് മാത്രമല്ല ബ്രാന്‍ഡ് നെയിം മാത്രമായി പരസ്യം ചെയ്യുന്നതിനും വിലക്കുണ്ട്. അബുദാബി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ‘ഹെല്‍ത്തി ലിവിങ് അബൂദബി’ പദ്ധതിയുടെ ഭാഗമായാണ് നടപടി. അമിതവണ്ണം, പ്രമേഹം ഉള്‍പ്പെടെയുള്ള ജീവിതശൈലി രോഗങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് പരസ്യങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി.
അബുദാബി ഹെല്‍ത്ത് സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ‘സെഹി’ പോഷകമൂല്യ നിരീക്ഷണ സംവിധാനത്തില്‍ എ, ബി എന്നീ ഗ്രേഡുകള്‍ ലഭിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ക്കു മാത്രമെ പൊതുസ്ഥലങ്ങളില്‍ ഇനി മുതല്‍ പരസ്യം അനുവദിക്കുകയുള്ളൂ. സി, ഡി, ഇ ഗ്രേഡ് ലഭിക്കുന്ന ഉത്പന്നങ്ങള്‍ക്ക് പരസ്യ വിലക്ക് ബാധകമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. അനുവദനീയമായ പരസ്യങ്ങളില്‍ കുറഞ്ഞത് 30 ശതമാനം ഭാഗത്ത് ബന്ധപ്പെട്ട ഭക്ഷ്യ ഉത്പ്പന്നം വ്യക്തമായി പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.










































