ന്യൂഡൽഹി: രാജ്യത്തെ ദേശീയ പാതകളിലെ ടോൾ പ്ലാസകളിൽ ഏപ്രിൽ ഒന്ന് മുതൽ പണം നേരിട്ട് സ്വീകരിക്കുന്നത് അവസാനിപ്പിക്കാൻ ആലോചനയെന്ന് റിപ്പോർട്ട്. പുതിയ സംവിധാനമനുസരിച്ച് ടോൾ അടയ്ക്കാൻ ഫാസ്ടാഗ് അല്ലെങ്കിൽ യു.പി.ഐ വഴിയുള്ള ഡിജിറ്റൽ പണമിടപാട് നിർബന്ധമാകും.
National Highways Authority of India (എൻ.എച്ച്.എ.ഐ) ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണിത്. ടോൾ പ്ലാസകളിൽ മുഴുവനായും ഡിജിറ്റൽ പണമിടപാട് സംവിധാനം നടപ്പാക്കുകയാണ് ലക്ഷ്യമെന്ന് പറയുന്നു.
നിലവിൽ ഏകദേശം 98 ശതമാനം ടോൾ ശേഖരണവും ഫാസ്ടാഗ് വഴിയാണ് നടക്കുന്നത്. ശേഷിക്കുന്ന തുക യു.പി.ഐയോ കാഷ് പെയ്മെന്റോ വഴിയാണ് ലഭിക്കുന്നത്. ഇതിനെ പൂർണമായും ഡിജിറ്റൽ രീതിയിലേക്ക് മാറ്റാനാണ് തീരുമാനം.
ടോൾ പ്ലാസകളിലെ തിരക്ക് കുറയ്ക്കുകയും യാത്ര സുഗമമാക്കുകയും ചെയ്യുന്നതിനാണ് ഈ നീക്കം. പണം കൈമാറുന്നതിനിടെ ഉണ്ടാകുന്ന കാത്തിരിപ്പും ഗതാഗത തടസ്സങ്ങളും ഒഴിവാക്കാൻ ഇത് സഹായിക്കുമെന്നാണ് എൻ.എച്ച്.എ.ഐ വിലയിരുത്തൽ.
രാജ്യത്ത് നിലവിൽ 1,150 ടോൾ പ്ലാസുകളാണ് പ്രവർത്തിക്കുന്നത്. കേരളത്തിലും ദേശീയ പാത വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനൊപ്പം പുതിയ ടോൾ പ്ലാസുകളും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
നിലവിലുള്ള നിയമപ്രകാരം ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് കാഷ് പെയ്മെന്റിൽ ഇരട്ടി തുകയാണ് ഈടാക്കുന്നത്. യു.പി.ഐ വഴി അടച്ചാൽ 1.25 മടങ്ങ് അധികം നൽകണം. പുതിയ തീരുമാനം പ്രാബല്യത്തിൽ വന്നാൽ ടോൾ പ്ലാസുകളിൽ കാഷ് പണമിടപാട് പൂർണമായും അവസാനിക്കും.










































