ഇസ്‍ലാമാബാദ്: പാക്-അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ 67 താലിബാൻകാരെ കൂടി വധിച്ചതായി പാകിസ്താൻ സുരക്ഷാസേന അറിയിച്ചു. ഫെബ്രുവരി 26ന് ആരംഭിച്ച ‘ഓപറേഷൻ ഗസാബ് ലിൽ ഹഖി’യുടെ ഭാഗമായാണ് നടപടി സ്വീകരിച്ചതെന്ന് പാകിസ്താൻ വിവരകാര്യ മന്ത്രി അത്താവുല്ല തറാർ വ്യക്തമാക്കി.
തെക്കുപടിഞ്ഞാറൻ അതിർത്തിയിലെ 16 സ്ഥലങ്ങളിൽ ചൊവ്വാഴ്ച പുലർച്ചെ ആക്രമണം നടത്തിയതായി പാകിസ്താൻ അറിയിച്ചു. ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിൽ നടത്തിയ സൈനിക നടപടിയിൽ മാത്രം 40 അഫ്ഗാൻ താലിബാൻകാരാണ് കൊല്ലപ്പെട്ടതെന്നാണ് അവകാശവാദം.
അതിർത്തിക്കപ്പുറത്തുനിന്ന് 16 സ്ഥലങ്ങളിൽ താലിബാൻ ആക്രമണം നടത്തിയതായും 25 ഇടങ്ങളിൽ സൈന്യവുമായി വെടിവെപ്പുണ്ടായതായും പാകിസ്താൻ വ്യക്തമാക്കി. ഏറ്റുമുട്ടലുകളിൽ 27 താലിബാൻകാരെ കൂടി വധിച്ചതായി അറിയിച്ചു.
സംഘർഷത്തിനിടെ ബലൂചിസ്താനിലെ അർധസൈനിക വിഭാഗമായ ഫ്രോണ്ടിയർ കോർപ്സിലെ (എഫ്.സി) ഒരു സൈനികൻ കൊല്ലപ്പെടുകയും അഞ്ച് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു.
തിങ്കളാഴ്ച മാത്രം 435 അഫ്ഗാൻ താലിബാൻകാരെ വധിച്ചതായും 630 പേർക്ക് പരിക്കേറ്റതായും മന്ത്രി അവകാശപ്പെട്ടു. 188 ടാങ്കുകളും കവചിത വാഹനങ്ങളും നശിപ്പിച്ചതായും 31 അഫ്ഗാൻ പോസ്റ്റുകൾ പിടിച്ചെടുത്തതായും പാകിസ്താൻ അറിയിച്ചു.
പാക്-അഫ്ഗാൻ അതിർത്തിയിൽ സുരക്ഷാ സാഹചര്യം അതീവ ഗുരുതരമാണെന്നും സംഘർഷം തുടരുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Pakistan claims it killed 67 Taliban militants as part of “Operation Ghazab Lil Haq” amid escalating border clashes with Afghanistan. The military reported multiple cross-border attacks and heavy casualties.










































