ദുബായ്: ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർ എഫ്എ ദുബൈ)- തങ്ങളുടെ സ്ഥാപനപരവും സാമൂഹികവുമായ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയ സ്പോൺസർമാരെയും പങ്കാളികളെയും ആദരിക്കുന്നതിനായി ‘പാർട്ണേഴ്സ് ഓഫ് ഇംപാക്ട്’ (Partners of Impact) എന്ന പേരിൽ പ്രത്യേക സംഗമം സംഘടിപ്പിച്ചു. ജനറൽ ഡയറക്ടറേറ്റിന്റെ മുഖ്യ കാര്യാലത്തിൽ നടന്ന ചടങ്ങിൽ, സുസ്ഥിര വികസനത്തിൽ പങ്കാളിത്തത്തിനുള്ള പ്രാധാന്യം ജിഡിആർഎഫ്എ എടുത്തുപറഞ്ഞു.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ വികസന കാഴ്ചപ്പാടുകൾക്ക് അനുസൃതമായാണ് ഈ സംഗമം സംഘടിപ്പിച്ചത്. പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിലൂടെ മാത്രമേ ആഗോള മാറ്റങ്ങൾക്കൊപ്പം സഞ്ചരിക്കാനും സാമ്പത്തിക രംഗത്ത് യുഎഇയുടെ സ്ഥാനം ഉറപ്പിക്കാനും സാധിക്കുകയുള്ളൂ എന്ന ആശയമാണ് ചടങ്ങ് മുന്നോട്ട് വെച്ചത്.ജിഡിആർഎഫ്എ ദുബായ് ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി, ഹംദാൻ ബിൻ മുഹമ്മദ് ഹെറിറ്റേജ് സെന്റർ സിഇഒ അബ്ദുല്ല ഹംദാൻ ബിൻ ദൽമൂക്, ജിഡിആർഎഫ്എ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ അടക്കമുള്ളവരും വിവിധ അസിസ്റ്റന്റ് ഡയറക്ടർമാരും പങ്കാളികളും ചടങ്ങിൽ സംബന്ധിച്ചു.

ഞങ്ങളുടെ നേട്ടങ്ങൾ യഥാർത്ഥത്തിൽ ഒരു കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ്. ഒരേ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പങ്കാളികളില്ലാതെ ഒരു സ്ഥാപനത്തിനും ഒറ്റയ്ക്ക് പ്രവർത്തിക്കാനോ മികവിന്റെ ഈ തലത്തിൽ എത്താനോ കഴിയില്ലെന്ന് ലഫ്: ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി തന്റെ പ്രസംഗത്തിൽ പറഞ്ഞു. ജിഡിആർഎഫ്എയുടെ യാത്രയിൽ പങ്കാളികൾ വഹിച്ച പങ്കിനെ അദ്ദേഹം പ്രശംസിച്ചു.മൂല്യാധിഷ്ഠിത സഹകരണവും സുസ്ഥിരതയും ഉറപ്പാക്കുന്ന വികസന മാതൃകയാണ് ‘പാർട്ണേഴ്സ് ഓഫ് ഇംപാക്ട്’ മുന്നോട്ട് വെക്കുന്നതെന്ന് അബ്ദുല്ല ഹംദാൻ ബിൻ ദൽമൂക് അഭിപ്രായപ്പെട്ടു.സ്ഥാപനത്തിന്റെ പ്രധാന നേട്ടങ്ങളും സംരംഭങ്ങളും കോർത്തിണക്കിയ വീഡിയോ പ്രദർശനവും, പങ്കാളികൾക്ക് ആശയങ്ങൾ പങ്കുവെക്കാനുള്ള പ്രത്യേക ചർച്ചാ സെഷനും ചടങ്ങിന്റെ ഭാഗമായി നടന്നു.ജിഡിആർഎഫ്എയുടെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ചുള്ള രൂപരേഖയും ചടങ്ങിൽ അവതരിപ്പിച്ചു. ജിഡിആർഎഫ്എയുടെ മികവിന്റെ യാത്രയിൽ നിർണ്ണായക പങ്ക് വഹിച്ച സ്പോൺസർമാരെയും പങ്കാളികളെയും ചടങ്ങിൽ ആദരിക്കുകയും ചെയ്തു


























