ഒക്ടോബർ 24-ന് അൽ ജാദയിൽ നടക്കുന്ന വേദിയിൽ സോളോ, ഡ്യുവോ വിഭാഗങ്ങളിലായി മത്സരാർത്ഥികൾ മാറ്റുരയ്ക്കും
ഷാർജ —പോപ്പ്-കൾച്ചർ പ്രേമികൾക്കായി ഷാർജ അനിമേഷൻ ആൻഡ് കോമിക്സ് കോൺഫറൻസ് (എസ്.എ.സി.സി) ഒരുക്കുന്ന വാർഷിക കോസ്‌പ്ലേ മത്സരത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 24 ശനിയാഴ്ച ഷാർജ അൽ ജാദയിൽ നടക്കുന്ന തത്സമയ മത്സരത്തിൽ ആകെ 25,000 യുഎഇ ദിർഹത്തിന്റെ ക്യാഷ് പ്രൈസാണ് വിജയികളെ കാത്തിരിക്കുന്നത്.
അനിമേഷൻ, കോമിക്‌സ് ലോകത്തെ പ്രിയ കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്ന കലാകാരന്മാർക്കായി ഷാർജ അനിമേഷൻ ആൻഡ് കോമിക്സ് കോൺഫറൻസ് സംഘടിപ്പിക്കുന്ന കോസ്‌പ്ലേ വേദിയിലേക്ക് ഔദ്യോഗിക രജിസ്ട്രേഷൻ ആരംഭിച്ചു. ഒക്ടോബർ 24-ന് അൽ ജാദയിലാണ് തത്സമയ മത്സരം അരങ്ങേറുന്നത്.



തനത് വസ്ത്രാലങ്കാരം, പ്രകടന മികവ്, വേദിയിലെ സാന്നിധ്യം എന്നിവ മുൻനിർത്തി വ്യക്തിഗത (Best Solo), ജോഡി (Best Duo) വിഭാഗങ്ങളിലാണ് പ്രധാന മത്സരങ്ങൾ. ഓരോ മത്സരാർത്ഥിക്കും അല്ലെങ്കിൽ ടീമിനും തങ്ങളുടെ കഥാപാത്രത്തെ സദസ്സിന് മുന്നിൽ അവതരിപ്പിക്കാൻ 90 സെക്കൻഡ് വീതമാണ് അനുവദിക്കുക.
മത്സരത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുക ഡ്യുവോ വിഭാഗത്തിനാണ്. ഒന്നാം സ്ഥാനം നേടുന്ന ടീമിന് 6,500 ദിർഹവും രണ്ടാമതെത്തുന്നവർക്ക് 4,000 ദിർഹവും മൂന്നാം സ്ഥാനക്കാർക്ക് 2,500 ദിർഹവും ലഭിക്കും. സോളോ വിഭാഗത്തിൽ ഒന്നാമതെത്തുന്നയാൾക്ക് 4,500 ദിർഹവും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് യഥാക്രമം 3,000 ദിർഹം, 1,500 ദിർഹം വീതവും സമ്മാനിക്കും. ഇതിനുപുറമെ, മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഒരു പുരുഷ താരത്തിനും വനിതാ താരത്തിനും ‘എസ്.എ.സി.സി ചോയ്‌സ്’ പുരസ്കാരമായി 1,500 ദിർഹം വീതം പ്രത്യേകമായി സമ്മാനിക്കും.
പ്രസിദ്ധീകരിക്കപ്പെട്ട അനിമേഷൻ, മാംഗ, സിനിമ, ടെലിവിഷൻ പരമ്പരകൾ, കോമിക്സുകൾ, വീഡിയോ ഗെയിമുകൾ എന്നിവയിലെ അംഗീകൃത കഥാപാത്രങ്ങളെ മാത്രമേ മത്സരത്തിനായി തിരഞ്ഞെടുക്കാവൂ. സ്വന്തമായി രൂപകൽപ്പന ചെയ്ത കഥാപാത്രങ്ങൾക്ക് (Original Characters) പ്രവേശനമില്ല. വിപണിയിൽ നിന്ന് വാങ്ങുന്ന റെഡിമെയ്ഡ് വസ്ത്രങ്ങൾക്ക് പകരം സ്വന്തമായി തുന്നിയതോ മാറ്റങ്ങൾ വരുത്തിയതോ ആയ വസ്ത്രങ്ങൾക്ക് മാത്രമേ മുൻഗണന ലഭിക്കൂ എന്ന് സംഘാടകർ വ്യക്തമാക്കി. ഒരാൾക്ക് ഒരു വിഭാഗത്തിൽ ഒരു വേഷത്തിൽ മാത്രമേ പങ്കെടുക്കാനാകൂ.
കുടുംബസമേതം എത്തുന്ന പൊതുജനങ്ങൾക്ക് അനുയോജ്യമായ രീതിയിലാകണം വസ്ത്രധാരണവും സംഭാഷണങ്ങളും. യുഎഇയിലെ പൊതു സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ട് വേണം വേദിയിലെത്താൻ. കഥാപാത്രത്തോടുള്ള സാദൃശ്യം, വേദിയിലെ പ്രകടന നിലവാരം, കഥാപാത്ര വിവരണം, കാണികളുടെ പ്രതികരണം എന്നീ നാല് മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് വിധിനിർണ്ണയം.
താൽപ്പര്യമുള്ളവർക്ക് sharjahanimation.com/cosplay എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.










