റിയാദ്: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ രൂക്ഷമായ സാഹചര്യത്തിൽ സുരക്ഷാ മുൻകരുതൽ നടപടികളുടെ ഭാഗമായി സൗദി എയർലൈൻസ് (സൗദിയ) നിരവധി വിമാന സർവീസുകൾ റദ്ദാക്കി. ഇന്ന് (ശനി) മുതലാണ് ചില അന്തർദേശീയ-പ്രാദേശിക സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചത്.
ചില രാജ്യങ്ങൾ വ്യോമപാതകൾ അടച്ചതും മേഖലയിലെ സുരക്ഷാ സാഹചര്യം അനിശ്ചിതത്വത്തിലായതുമാണ് ഈ തീരുമാനത്തിന് കാരണം. യാത്രക്കാരുടെ സുരക്ഷ മുൻഗണനയിൽ വച്ചും എമർജൻസി സെന്ററിന്റെ നിർദേശപ്രകാരവുമാണ് അടിയന്തര നടപടി സ്വീകരിച്ചതെന്ന് എയർലൈൻസ് അധികൃതർ അറിയിച്ചു.
ഇറാനെതിരായ അമേരിക്കൻ-ഇസ്രായേൽ ആക്രമണത്തെ തുടർന്ന് പശ്ചിമേഷ്യയിലെ പല രാജ്യങ്ങളും തങ്ങളുടെ വ്യോമപാതകൾ അടച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സൗദിയ സർവീസുകളിൽ മാറ്റം വരുത്തിയത്.
യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- വിമാന നില (Status) പരിശോധിക്കുക: വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ തങ്ങളുടെ വിമാനത്തിന്റെ നിലവിലെ സ്ഥിതി പരിശോധിക്കണം.
- അറിയിപ്പുകൾ ശ്രദ്ധിക്കുക: ബുക്കിംഗ് സമയത്ത് നൽകിയ ഫോൺ നമ്പർ, ഇമെയിൽ എന്നിവ വഴി വിമാനവുമായി ബന്ധപ്പെട്ട പുതുക്കിയ വിവരങ്ങൾ അറിയിക്കും.
- തുടർ പ്രഖ്യാപനങ്ങൾ: അടുത്ത മണിക്കൂറുകളിൽ കൂടുതൽ ഔദ്യോഗിക അറിയിപ്പുകൾ പുറത്തുവിടുമെന്ന് എയർലൈൻസ് വ്യക്തമാക്കി.
നിലവിലെ പ്രത്യേക സാഹചര്യത്തിൽ യാത്രക്കാരുടെ സുരക്ഷക്കും സൗകര്യത്തിനുമാണ് പരമാവധി മുൻഗണന നൽകുന്നതെന്ന് പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.










































