തിരുവല്ല: മഞ്ഞാടിയിലെ സ്പാ കൂട്ടബലാത്സംഗ കേസിൽ ഏഴാം പ്രതിയും അറസ്റ്റിലായി. തിരുവല്ല മീന്തലക്കര പാറയ്ക്കാമണ്ണിൽ പുത്തൻ വീട്ടിൽ സിന്‍റോ പി. സണ്ണി (22)യെ ചങ്ങനാശേരിയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം പിടികൂടി.
കേസിലെ ഒന്നാം പ്രതിയായ മരണ സുബിൻ എന്നറിയപ്പെടുന്ന സുബിൻ അലക്‌സാണ്ടർ ചാക്കോയെ ചോദ്യം ചെയ്തതിൽ നിന്നാണ് സിന്‍റോയുടെ പങ്ക് വ്യക്തമായത്. സിന്‍റോയുടെ അറസ്റ്റോടെ കേസിലെ മുഴുവൻ പ്രതികളും പിടിയിലായതായി ഡിവൈ.എസ്.പി അറിയിച്ചു.
കഴിഞ്ഞ ഒന്നാം തീയതി ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ഒന്നാം പ്രതിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്പായിലെത്തി 50,000 രൂപ ആവശ്യപ്പെട്ടത്. പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് നടത്തിപ്പുകാരിയായ യുവതിയെ മർദിക്കുകയും ജീവനക്കാരിയായ യുവതിയെ കത്തിയുയർത്തി ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു.
സംഭവത്തിനിടെ സ്പായിൽ ഉണ്ടായിരുന്ന യുവാവിനെ ജീവനക്കാരിക്കൊപ്പം കിടത്തി നഗ്ന ദൃശ്യങ്ങൾ പകർത്തുകയും ജീവനക്കാരിൽ നിന്ന് 2,500 രൂപ കവരുകയും ചെയ്തതായും അന്വേഷണത്തിൽ വ്യക്തമായി.
ഇതിനുമുമ്പ് കേസിൽ കുളക്കാട് മുപ്പിരിയിൽ ബെർലിൻ ദാസ് (38), നിരണം കോതേരിൽ വരുൺകുമാർ (36), ചുമത്ര കോഴിക്കോട്ട് പറമ്പിൽ പ്രശോഭ് (26), ആയാപറമ്പ് കാടാത്ത് വീട്ടിൽ സാജൻ തോമസ് (23), മഞ്ഞാടി ഊരേത്ര തൈമലയിൽ കിരൺ തോമസ് (22) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.









































