ഷാർജ: എമിറേറ്റിലെ പാർക്കിങ് സൗകര്യങ്ങൾ വിപുലീകരിക്കാൻ ഷാർജ മുനിസിപാലിറ്റി പുതിയ നടപടികളുമായി രംഗത്ത്. നിലവിലുള്ള 10 സ്മാർട്ട് പാർക്കിങ് യാർഡുകൾക്ക് പുറമെ ആറെണ്ണം കൂടി ആരംഭിക്കാൻ തീരുമാനിച്ചു. പാർക്കിങ് സൗകര്യങ്ങളുടെ ലഭ്യത വർധിപ്പിക്കുകയും ഗതാഗത സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
സാധാരണ പെയ്ഡ് പബ്ലിക് പാർക്കിങിന് ബദലായി ആരംഭിച്ച സ്മാർട്ട് പാർക്കിങ് യാർഡുകൾ 24 മണിക്കൂറും പ്രവർത്തിക്കും. ഇവിടെ സൗജന്യ പാർക്കിങ് സമയം ഉണ്ടായിരിക്കില്ല. പ്രത്യേക സൈൻബോർഡുകളിലൂടെ യാർഡുകൾ വ്യക്തമായി അടയാളപ്പെടുത്തിയിട്ടുണ്ട്. പ്രവേശന, പുറപ്പെടൽ കവാടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറകൾ വാഹനങ്ങളുടെ ലൈസൻസ് പ്ലേറ്റ് വായിച്ച് സ്വമേധയാ പാർക്കിങ് ഫീസ് കണക്കാക്കും.
ഉപഭോക്താക്കൾക്ക് കുറഞ്ഞ സമയം പാർക്ക് ചെയ്യുന്നതിനൊപ്പം ദീർഘകാല സബ്സ്ക്രിപ്ഷൻ പദ്ധതികളും തിരഞ്ഞെടുക്കാം. ഇതിനകം ഷാർജയിലെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന 10 സ്മാർട്ട് യാർഡുകൾ വഴി 2,421 പാർക്കിങ് ഇടങ്ങൾ ലഭ്യമായിട്ടുണ്ട്. പുതിയ ആറു യാർഡുകൾ കൂടി പ്രവർത്തനം ആരംഭിക്കുമ്പോൾ 1,457 പുതിയ പാർക്കിങ് ഇടങ്ങൾ കൂടി ലഭ്യമാകും.
നിർമ്മിത ബുദ്ധി (എ.ഐ) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സിസ്റ്റം നിയന്ത്രിക്കുന്നത്. ഇതിലൂടെ പാർക്കിങ് ഇടങ്ങളുടെ ഉപയോഗം കൂടുതൽ കാര്യക്ഷമമാക്കാനാകുമെന്ന് അധികൃതർ വ്യക്തമാക്കി. സാധാരണ പൊതു പാർക്കിങിൽ ഉപയോഗിക്കുന്ന എസ്.എം.എസ് പേയ്‌മെന്റുകളോ സീസണൽ സബ്സ്ക്രിപ്ഷനുകളോ ഇവിടെ ലഭ്യമല്ലെന്ന് ഷാർജ സിറ്റി മുനിസിപ്പാലിറ്റി പബ്ലിക് പാർക്കിങ് വകുപ്പ് ഡയറക്ടർ ഹമദ് അൽ ഖായിദ് അറിയിച്ചു.
വാണിജ്യ-ടൂറിസം മേഖലകളിൽ ഉയരുന്ന പാർക്കിങ് ആവശ്യങ്ങൾ നിറവേറ്റാൻ ഈ സ്മാർട്ട് സംവിധാനം ഫലപ്രദമായ പരിഹാരമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
English Summary:
Sharjah Municipality is expanding its smart parking system by adding six new smart parking yards to the existing ten. The AI-powered 24/7 facilities will add 1,457 new parking spaces, enhancing availability and improving parking efficiency across the emirate.










































