അസ്തമയ സൂര്യന്റെ പൊൻകിരണങ്ങൾ ഫുജൈറയിലെ ഗാംഭീര്യമാർന്ന മിനാരങ്ങളെ തഴുകുമ്പോൾ, Sheikh Zayed Grand Mosque – Fujairah അങ്കണത്തിൽ തെളിയുന്നത് സമത്വത്തിന്റെയും സഹോദരത്വത്തിന്റെയും മഹാചിത്രമാണ്.
ദിവസേന ഏഴായിരത്തിലധികം പേർ ഒരേ വരിയിൽ, ഒരേ മനസ്സോടെ നോമ്പുതുറക്കാൻ ഇവിടെ ഒത്തുചേരുന്നു. ജാതി, മതം, ഭാഷാ ഭേദമന്യേ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളും സ്വദേശികളും ഒരേ പന്തിയിൽ ഇരുന്ന് ഇഫ്താർ പങ്കിടുന്നതാണ് ഈ സമൂഹനോമ്പുതുറയുടെ സവിശേഷത.
പർവതനിരകൾ അതിരിട്ട എമിറേറ്റിൽ പങ്കുവെക്കലിന്റെയും കരുണയുടെയും സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് ദിവസേന അയ്യായിരത്തിലേറെ പേർക്കാണ് വിഭവസമൃദ്ധമായ ഇഫ്താർ വിരുന്ന് ഒരുക്കുന്നത്. എമിറേറ്റിലെ ഏറ്റവും വലിയ സമൂഹനോമ്പുതുറയായി ഇത് മാറിയിട്ടുണ്ട്.
രാഷ്ട്രപിതാവിന്റെ നാമത്തിലുള്ള യു.എ.ഇയിലെ രണ്ടാമത്തെ വലിയ പള്ളിയായ ഫുജൈറ ഗ്രാൻഡ് മോസ്കിന്റെ വിശാലമായ മുറ്റത്ത് ആയിരക്കണക്കിന് ആളുകൾ ക്രമബദ്ധമായി ഒത്തുചേരുന്നു. കൃത്യസമയത്ത് ഭക്ഷണം എത്തിക്കാൻ നൂറുകണക്കിന് സന്നദ്ധ പ്രവർത്തകർ രംഗത്തുണ്ട്. ഭക്ഷണം വിതരണം ചെയ്യുന്നതിലും തിരക്ക് നിയന്ത്രിക്കുന്നതിലും യുവാക്കളടക്കമുള്ള വോളന്റിയർമാർ സജീവമാണ്.
റമദാൻ മാസാവസാനത്തോടെ 2 ലക്ഷത്തിലേറെ പേർ ഇവിടെ ഇഫ്താർ വിരുന്നിന്റെ ഭാഗമാകും എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ശുചിത്വവും അച്ചടക്കവും ഉറപ്പാക്കിയിട്ടാണ് ഓരോ ദിവസത്തെയും ഇഫ്താർ. ഈത്തപ്പഴം, വെള്ളം, ജ്യൂസ്, ലഘുഭക്ഷണം മുതൽ ബിരിയാണി വരെ ഉൾപ്പെടുന്ന ഭക്ഷണ പായ്ക്കറ്റാണ് വിതരണം ചെയ്യുന്നത്. ഇഫ്താറിനു ശേഷം വിശ്വാസികൾ മഗ്‌രിബ് നമസ്കാരത്തിനായി പള്ളിയിലേക്ക് നീങ്ങുമ്പോൾ, പലരും “നാളെ വീണ്ടും കാണാം” എന്ന പ്രതീക്ഷയോടെ വീടുകളിലേക്ക് മടങ്ങുന്നു.
English Summary:
Thousands gather daily at Sheikh Zayed Grand Mosque in Fujairah for one of the UAE’s largest community iftars. More than 7,000 people from diverse nationalities share meals in an atmosphere of unity and compassion during Ramadan, supported by hundreds of volunteers.










































