ജമ്മു ജില്ലയിലെ കിഷ്ത്വാർ മേഖലയിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ പാകിസ്ഥാൻ ആസ്ഥാനമായുള്ള Jaish-e-Mohammed (ജെ.എം) സംഘടനയുമായി ബന്ധമുള്ള രണ്ട് ഭീകരരെ വധിച്ചതായി അധികൃതർ അറിയിച്ചു.
കിഷ്ത്വാറിലെ ഛത്രൂ വനമേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. രഹസ്യാന്വേഷണ ഏജൻസികളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ Iഇന്ത്യൻ സൈന്യം, ജമ്മു കാശ്മീർ പോലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (SOG), സി.ആർ.പി.എഫ് എന്നിവർ സംയുക്തമായി തിരച്ചിൽ ഓപ്പറേഷൻ നടത്തുകയായിരുന്നു. കഴിഞ്ഞ 15 ദിവസമായി ഈ മേഖലയിൽ ശക്തമായ തെരച്ചിൽ തുടരുകയായിരുന്നുവെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
തിരച്ചിലിനിടെ ഒളിച്ചിരുന്ന ഭീകരർ സേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് ഉണ്ടായ ശക്തമായ ഏറ്റുമുട്ടലിലാണ് രണ്ട് ഭീകരർ കൊല്ലപ്പെട്ടത്. സ്ഥലത്തുനിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കി.
അതീവ ദുർഘടവും മഞ്ഞുമൂടിയതുമായ വനപ്രദേശത്താണ് തിരച്ചിൽ തുടരുന്നത്. പ്രദേശത്ത് ഇനിയും രണ്ട് ഭീകരർ ഒളിച്ചിരിക്കാമെന്ന നിഗമനത്തിൽ സുരക്ഷാസേന കൂടുതൽ സന്നാഹം ശക്തിപ്പെടുത്തിയിട്ടുണ്ട്. ഹെലികോപ്റ്റർ മാർഗ്ഗം കൂടുതൽ സൈനികരെ പ്രദേശത്ത് എത്തിച്ചിട്ടുണ്ടെന്നും വിവരമുണ്ട്.
കഴിഞ്ഞ മാസവും ഇതേ ഛത്രൂ വനമേഖലയിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. അന്ന് ഒരു ഇന്ത്യൻ സൈനികനും ഒരു ഭീകരനും കൊല്ലപ്പെട്ടിരുന്നു. അതിർത്തി കടന്നെത്തിയ ഭീകരർക്കു പ്രാദേശിക സഹായമുണ്ടോ എന്ന കാര്യവും അന്വേഷണവിധേയമാണെന്ന് സുരക്ഷാ ഏജൻസികൾ വ്യക്തമാക്കി.
ജമ്മു മേഖലയിലുടനീളം ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിയിരിക്കുകയാണ്.










































