ദുബായ്:യുഎഇയിലെ വിമാനത്താവളങ്ങൾ മാറ്റങ്ങൾക്കൊരുങ്ങുന്നു. ദുബായ് വേൾഡ് സെൻട്രൽ മുതൽ ഷാർജയും റസൽഖൈമയും വരെയുള്ള വ്യോമകേന്ദ്രങ്ങളിൽ റൺവേകളും ടെർമിനലുകളും വിപുലീകരിക്കുന്ന തിരക്കാണിപ്പോൾ. കേവലം കെട്ടിടങ്ങൾ ഉയർത്തുക മാത്രമല്ല, ആർട്ടിഫിഷ്യൽ ഇന്റലിജൻസും സുസ്ഥിര ഊർജ്ജ സംവിധാനങ്ങളും കോർത്തിണക്കി വിമാനത്താവളങ്ങളെ അടിമുടി സ്മാർട്ടാക്കാനാണ് ലക്ഷ്യമിടുന്നത്. ലോകത്തെ ഏറ്റവും വലിയ വിമാനത്താവളമെന്ന ഖ്യാതി ലക്ഷ്യമിടുന്ന അൽ മക്തൂം രാജ്യാന്തര വിമാനത്താവളം (ഡിഡബ്ല്യുസി) തന്നെയാണ് ഈ കുതിപ്പിന്റെ പടത്തലവൻ. അഞ്ച് സമാന്തര റൺവേകളും നാനൂറോളം ഗേറ്റുകളുമായി പ്രതിവർഷം 26 കോടി യാത്രക്കാരെ സ്വീകരിക്കാൻ പാകത്തിൽ വികസിക്കുന്ന ഈ പദ്ധതിക്കായി 1.28 ലക്ഷം കോടി ദിർഹമാണ് വകയിരുത്തിയിരിക്കുന്നത്. സുരക്ഷിതവും സ്മാർട്ടുമായ യാത്രാനുഭവം യാത്രക്കാർക്കും എയർലൈനുകൾക്കും ഒരുക്കുമെന്ന് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റും ദുബായ് എയർപോർട്ട്സ് ചെയർമാനുമായ ഷെയ്ഖ് അഹമ്മദ് ബിൻ സയിദ് അൽ മക്തൂം പറഞ്ഞു. ദുബായ്ക്ക് തൊട്ടുപിന്നാലെ ഷാർജയും റസൽഖൈമയും വികസനത്തിന്റെ വേഗം കൂട്ടിയിട്ടുണ്ട്. ഷാർജ വിമാനത്താവളത്തിലെ ടെർമിനൽ വിപുലീകരണ ജോലികൾ 2026ൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. റസൽഖൈമയിലാകട്ടെ 2028ഓടെ നവീകരണ പ്രവർത്തനങ്ങൾ പൂർണ്ണരൂപത്തിലാകും. ഇതിനിടെ, ഈ വർഷം ആദ്യ പകുതിയിൽ തന്നെ ഒന്നരക്കോടിയോളം യാത്രക്കാരെ വരവേറ്റ അബുദാബി വിമാനത്താവളം റെക്കോർഡ് നേട്ടങ്ങളുമായി മുന്നേറുകയാണ്. യുഎഇയുടെ ഈ മാറ്റങ്ങൾക്കൊപ്പം അയൽരാജ്യങ്ങളും ഒപ്പത്തിനൊപ്പം കുതിക്കുന്നുണ്ട്. മിഡിൽ ഈസ്റ്റിലും ആഫ്രിക്കയിലുമായി ഏകദേശം 18,300 കോടി ഡോളറിന്റെ നിക്ഷേപമാണ് ഈ മേഖലയിൽ നടക്കുന്നത്. ഇതിൽ സിംഹഭാഗവും സൗദിയുടെ വിഹിതമാണ്. ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിൽ 3100 കോടി ഡോളറിന്റെ വികസനമാണ് നടക്കുന്നത്. 2031ഓടെ പ്രതിവർഷം 11 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാൻ ജിദ്ദയെ പ്രാപ്തമാക്കുകയാണ് ലക്ഷ്യം. റിയാദിലെ കിങ് സൽമാൻ വിമാനത്താവളം ആറ് സമാന്തര റൺവേകളുമായി ലോകത്തിലെ തന്നെ വിസ്മയമായി മാറും. ഒമാനും കുവൈത്തും ബഹ്‌റൈനുമെല്ലാം ഈ വികസന മത്സരത്തിൽ ഒട്ടും പിന്നിലല്ല. 25 കോടി ഡോളർ നിക്ഷേപവുമായി ഒമാനിലെ മുസന്ദം വിമാനത്താവളം 2026 അവസാനത്തോടെ സജ്ജമാകും.

കുവൈത്തിലെ പുതിയ ട്രയാംഗുലർ ടെർമിനൽ യാഥാർഥ്യമാകുന്നതോടെ 5 കോടി യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുണ്ടാകും. ബഹ്‌റൈനാകട്ടെ ലോകത്തിലെ ഏറ്റവും വലിയ ഏവിയേഷൻ മ്യൂസിയം തന്നെ പുതിയ ടെർമിനലിൽ ഉൾപ്പെടുത്താനുള്ള ഒരുക്കത്തിലാണ്. 2043നകം മധ്യപൂർവദേശത്തെ വിമാനയാത്രക്കാരുടെ എണ്ണം 53 കോടിയായി ഉയരുമെന്ന ഐഎടിഎ റിപ്പോർട്ടുകൾ മുന്നിൽ കണ്ടാണ് ഈ വമ്പൻ ഒരുക്കങ്ങൾ. സാങ്കേതിക വിദ്യയുടെ കരുത്തിൽ ആകാശം കീഴടക്കാൻ യുഎഇയും ഗൾഫ് നാടുകളും നടത്തുന്ന ഈ മുന്നേറ്റം ആഗോള ടൂറിസം, ബിസിനസ് മേഖലകളിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നുറപ്പാണ്.


























