അബുദാബി: യുഎഇയിലെയും ലോകത്തെങ്ങുമുള്ളതുമായ ക്രൈസ്തവ വിശ്വാസികൾക്ക് ക്രിസ്മസ് ആശംസകൾ നേർന്ന് യുഎഇ ഭരണാധികാരികൾ. സമാധാനം, സഹവർത്തിത്വം, മാനുഷിക മൂല്യങ്ങൾ എന്നിവ ഉയർത്തിപ്പിടിച്ചാണ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും സന്ദേശങ്ങൾ പങ്കുവച്ചത്.രാജ്യത്തിനകത്തും പുറത്തുമുള്ള എല്ലാവർക്കും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഹൃദയംഗമമായ ആശംസകൾ നേർന്നു. യുഎഇയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ക്രിസ്മസ് ആഘോഷിക്കുന്ന എല്ലാവർക്കും തന്റെ ഊഷ്മളമായ അഭിവാദ്യങ്ങൾ നേരുന്നതായി അദ്ദേഹം പറഞ്ഞു. കുടുംബങ്ങളിലും സമൂഹങ്ങളിലും സമാധാനവും സന്തോഷവും ഐക്യവും നിലനിൽക്കട്ടെയെന്നും ആശംസിച്ചു. ലോകത്തെങ്ങുമുള്ള ക്രൈസ്തവ സഹോദരങ്ങൾക്ക് ആശംസകൾ നേർന്ന ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ക്രിസ്മസ് ഒരു പുണ്യവേളയാണെന്ന് ഓർമിപ്പിച്ചു. സമാധാനം, സാഹോദര്യം, സഹവർത്തിത്വം എന്നീ മൂല്യങ്ങൾ ലോകത്ത് എങ്ങും പ്രബലമാകട്ടെയെന്നും മനുഷ്യർക്കിടയിൽ സ്നേഹവും കരുണയും വളരട്ടെ എന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ പങ്കുവച്ച സന്ദേശത്തിൽ കുറിച്ചു.


























