ദുബായ് : ശൈത്യകാല കൊടുങ്കാറ്റും കഠിനമായ തണുപ്പും മൂലമുണ്ടായ പ്രതിസന്ധിക്ക് പ്രതികരണമായി യു.എ.ഇയുടെ കാരുണ്യ പ്രസ്ഥാനമായ ഓപറേഷൻ ഷിവൽറസ് നൈറ്റ്-3 ഗസ്സ മുനമ്പിൽ അടിയന്തര ദുരിതാശ്വാസ ഇടപെടലുകൾ നടപ്പിലാക്കുന്നത് തുടരുന്നു. കുടിയിറക്കപ്പെട്ട കുടുംബങ്ങളുടെ ദുരിതം വർധിച്ചതോടെയാണ് സാഹചര്യങ്ങൾ വിലയിരുത്തിയുള്ള കൂടുതൽ സഹായ നീക്കങ്ങൾ യു.എ.ഇ നടത്തുന്നത്.താമസക്കാർ നേരിടുന്ന കഠിനമായ സാഹചര്യങ്ങൾക്കിടയിൽ സഹായം എത്തിക്കാൻ ഫീൽഡ് ടീമുകൾ വേഗത്തിൽ നീങ്ങി.കനത്ത മഴയിൽ നിരവധി ഇടങ്ങൾ വെള്ളത്തിനടിയിലാവുകയും, കേടുപാടുകൾ സംഭവിച്ച ടെന്റുകളിലേക്ക് വെള്ളം കയറുകയും ചെയ്തതിനാൽ, തീക്ഷ്ണമായ കാലാവസ്ഥയെ നേരിടാനും, വെള്ളപ്പൊക്ക പ്രദേശങ്ങളിലെ താമസക്കാരുടെ ചലനം സുഗമമാക്കാനുമുള്ള അടിയന്തര പദ്ധതിയുടെ ഭാഗമായി മുൻകൂട്ടി വിന്യസിച്ചിരുന്ന വാട്ടർ പമ്പിംഗ് സംവിധാനങ്ങളുടെ പ്രവർത്തനം യു.എ.ഇ സജീവമാക്കി.കാലാവസ്ഥാ മാന്ദ്യ സമയത്ത് കുടിയിറക്കപ്പെട്ട കുടുംബങ്ങൾക്ക് 1,189 ഷെൽറ്റർ ടെന്റുകൾ, 4280 വിന്റർ ജാക്കറ്റുകൾ, അവശ്യ സാധനങ്ങൾ അടങ്ങിയ 538 ദുരിതാശ്വാസ കിറ്റുകൾ എന്നിവ ഓപറേഷൻ ഷിവൽറസ് നൈറ്റ്-3 ടീം വിതരണം ചെയ്തു. ഇതിനു പുറമെ, ഗസ്സ മുനമ്പിലെ ജനങ്ങൾക്ക് യു.എ.ഇ നൽകുന്ന തുടർച്ചയായ പിന്തുണയുടെ ഭാഗമായി 5,012 ശൈത്യ കാല വസ്ത്ര പാഴ്സലുകളും 1,403 ശൈത്യകാല പുതപ്പുകളും എത്തിച്ചു.
രണ്ട് വർഷത്തിലേറെയായി ഗസ്സയിലെ ജനങ്ങൾക്ക് മാനുഷികവും ദുരിതാശ്വാസപരവുമായ സഹായം നൽകുന്നതിൽ യു.എ.ഇ വിജയിച്ചു. ഫലസ്തീൻ ജനതയെ പിന്തുണയ്ക്കുന്നതിനും നിലവിലുള്ള വെല്ലുവിളികൾക്കിടയിൽ അവരുടെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിനുമുള്ള യു.എ.ഇയുടെ പ്രതിബദ്ധത ആവർത്തിച്ചുറപ്പിക്കുന്നതാണിത്. മറ്റേതു രാജ്യത്തെക്കാൾ മികച്ച നിലയിലും കാര്യക്ഷമമായും ഗസ്സയിൽ കാരുണ്യ സംരംഭങ്ങൾ നടപ്പാക്കി ജനങ്ങളുടെ ജീവൽ പ്രശ്നങ്ങൾ പരിഹരിച്ചു മുന്നേറുകയാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സ്.


























