ജനീവ: ഇറാനുമായി നടക്കുന്ന ആണവ ചർച്ചകൾക്ക് പിന്നാലെ പശ്ചിമേഷ്യയിൽ സൈനിക സമ്മർദം വർധിപ്പിച്ച് അമേരിക്ക. ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനി യുദ്ധക്കപ്പലായ USS Gerald R. Ford ഗ്രീസിലെ Souda Bay നാവിക താവളം വിട്ട് മിഡിൽ ഈസ്റ്റ് ലക്ഷ്യമാക്കി പുറപ്പെട്ടു.
തിങ്കളാഴ്ച മുതൽ സൗദ ബേയിൽ നങ്കൂരമിട്ടിരുന്ന കപ്പൽ വ്യാഴാഴ്ചയോടെ നീക്കം ആരംഭിച്ചതായാണ് റിപ്പോർട്ട്. അമേരിക്കയും ഇറാനും തമ്മിലുള്ള ആണവകരാർ സംബന്ധിച്ച പരോക്ഷ ചർച്ചകൾ ജനീവയിൽ ആരംഭിച്ചതിന് പിന്നാലെയാണിത്. ഒമാൻ വിദേശകാര്യ മന്ത്രിയുടെ മധ്യസ്ഥതയിലാണ് ചർച്ചകൾ നടക്കുന്നത്.
മിഡിൽ ഈസ്റ്റിൽ അമേരിക്കയ്ക്ക് ഇതിനകം തന്നെ ശക്തമായ സൈനിക സാന്നിധ്യമുണ്ട്. പത്തിലധികം യുദ്ധക്കപ്പലുകൾ വിന്യസിച്ചിരിക്കുകയാണ്. യു.എസ്.എസ്.അബ്രഹാം ലിങ്കൺ ഇതിനകം മേഖലയിലുണ്ട്. അതിനുപുറമെ രണ്ടാമത്തെ വിമാനവാഹിനി കപ്പലും വിന്യസിച്ചതോടെ മേഖലയിൽ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാകുമെന്ന ആശങ്ക ഉയരുന്നു.
കഴിഞ്ഞ വർഷം ഇറാനെതിരെ ആക്രമണം നടത്താൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടിരുന്നുവെന്നതും ശ്രദ്ധേയമാണ്. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട പുതിയ കരാറിൽ ഒപ്പുവെച്ചില്ലെങ്കിൽ കൂടുതൽ സൈനിക നടപടികൾ ഉണ്ടാകുമെന്ന് ടെഹ്‌റാനെ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇപ്പോൾ ഒമാന്റെ മധ്യസ്ഥതയിൽ നടക്കുന്ന നയതന്ത്ര ശ്രമങ്ങൾക്കിടയിൽ ഈ നീക്കം തന്ത്രപ്രധാനമായ സന്ദേശമായാണ് വിലയിരുത്തപ്പെടുന്നത്. അറബിക്കടലും ഹോർമൂസ് കടലിടുക്കും ഉൾപ്പെടെ പശ്ചിമേഷ്യൻ കടൽപ്രദേശങ്ങളിൽ യു.എസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.










































