ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം വിപുലീകരിക്കാൻ ലക്ഷ്യമിട്ട് ദുബായ് ചേംബേഴ്സിന്റെ പ്രത്യേക വ്യാപാര ദൗത്യം
ദുബായ്: യുഎഇയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള സാമ്പത്തിക-വ്യാപാര ബന്ധങ്ങളിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് ദുബായ് ചേംബേഴ്സ് (Dubai Chambers) പ്രതിനിധികൾ ദക്ഷിണാഫ്രിക്കയിലെ വെസ്റ്റേൺ കേപ് പ്രവിശ്യാ പ്രീമിയറുമായി കൂടിക്കാഴ്ച നടത്തി. ഇരു മേഖലകളും തമ്മിലുള്ള നിക്ഷേപ സാധ്യതകൾ വർധിപ്പിക്കുന്നതിനും വിവിധ പ്രധാന രംഗങ്ങളിൽ സഹകരണം ശക്തമാക്കുന്നതിനുമാണ് ദക്ഷിണാഫ്രിക്കയിൽ വെച്ച് ഉന്നതതല ചർച്ചകൾ നടന്നത്.
ദക്ഷിണാഫ്രിക്കയിലേക്കുള്ള ദുബായ് ചേംബര് ഓഫ് കൊമേഴ്സിന്റെ പ്രത്യേക വ്യാപാര ദൗത്യത്തിന്റെ (Trade Mission) ഭാഗമായായിരുന്നു ഈ സുപ്രധാന കൂടിക്കാഴ്ച. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ കമ്പനികളുടെ പ്രതിനിധികളും ബിസിനസ് പ്രമുഖരും അടങ്ങുന്ന വിപുലമായ സംഘം ചേംബേഴ്സിനൊപ്പം ചർച്ചകളിൽ പങ്കെടുത്തു.
വ്യാപാരം, നിക്ഷേപം, ബിസിനസ് വികസനം, ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം എന്നിവ വർധിപ്പിക്കുന്നതിനുള്ള അനന്തമായ സാധ്യതകളാണ് യോഗം വിലയിരുത്തിയത്. ദുബായും ദക്ഷിണാഫ്രിക്കയിലെ വെസ്റ്റേൺ കേപ് പ്രവിശ്യയും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം കൂടുതൽ സുദൃഢമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സന്ദർശനം സംഘടിപ്പിച്ചത്.
ആഗോള ബിസിനസ് ഹബ്ബായ ദുബായും ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ പ്രധാന സാമ്പത്തിക മേഖലയായ വെസ്റ്റേൺ കേപും തമ്മിലുള്ള സഹകരണം ഇരുപക്ഷത്തെയും ബിസിനസ് സമൂഹത്തിന് വലിയ അവസരങ്ങൾ തുറന്നുനൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ നിക്ഷേപ പദ്ധതികൾക്ക് ഈ സന്ദർശനം വഴിതെളിക്കും.






































