തിരുവനന്തപുരം: നേതൃത്വത്തിനും സംഘടനാവീഴ്ചക്കുമെതിരെ സി.പി.എം സംസ്ഥാന സമിതി യോഗത്തിൽ രൂക്ഷവിമർശനം. തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം ഒന്നോ രണ്ടോ വ്യക്തികളുടെ തലയിൽ മാത്രം കെട്ടിവക്കാനാകില്ലെന്നും സംഘടനാ വീഴ്ചയാണ് കനത്ത പരാജയത്തിലേക്ക് നയിച്ചതെന്നുമുള്ള വിമർശനമാണ് യോഗത്തിൽ ഉയർന്നത്.
സംസ്ഥാന സെക്രട്ടേറിയറ്റിൽ പുനഃസംഘടന വേണമെന്നും പാർട്ടി പ്ലീനം വിളിക്കണമെന്നും ആവശ്യവും യോഗത്തിൽ ശക്തമായി ഉയർന്നു. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എന്നിവരിൽ മാത്രം തോൽവിയുടെ ഉത്തരവാദിത്തം ചുമത്താനുള്ള നീക്കങ്ങൾ അംഗീകരിക്കാനാകില്ലെന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു.
മുന്നണി സംവിധാനത്തിലൂടെയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നും അതിനാൽ ഘടകകക്ഷികൾക്കും ഉത്തരവാദിത്തമുണ്ടെന്നും യോഗത്തിൽ ചൂണ്ടിക്കാട്ടി. അതേസമയം,സി.പി.ഐ, കേരള കോൺഗ്രസ് (എം) തുടങ്ങിയ ഘടകകക്ഷികളിൽ നിന്നുണ്ടായ പ്രതികരണങ്ങൾ മുന്നണി രാഷ്ട്രീയത്തിന് യോജിച്ചതല്ലെന്ന വിലയിരുത്തലും ഉണ്ടായി.
കണ്ണൂർ ഉൾപ്പെടെയുള്ള പാർട്ടി കോട്ടകളിലേറ്റ പരാജയം സംഘടനാ പാളിച്ചകളുടെ ഫലമാണെന്നും ചില മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയം തിരിച്ചടിയായെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. ഭരണവിരുദ്ധ വികാരം മാത്രമല്ല പരാജയത്തിന് കാരണമെന്നും, 10 വർഷത്തെ എൽ.ഡി.എഫ് ഭരണത്തിന് ശേഷം ജനങ്ങൾ മാറ്റം ആഗ്രഹിച്ചതാണ് യു.ഡി.എഫിന് വലിയ മുന്നേറ്റം നൽകാൻ കാരണമായതെന്ന വിലയിരുത്തലും യോഗത്തിൽ ഉയർന്നു.
ഭരണവിരുദ്ധ വികാരം ഇല്ലെന്ന സെക്രട്ടേറിയറ്റ് റിപ്പോർട്ടും സംസ്ഥാന സമിതി വിശദമായി ചർച്ച ചെയ്തു. എല്ലാ തലങ്ങളിലും സംഘടനാ വീഴ്ച സംഭവിച്ചുവെന്നും പാർട്ടിയിൽ അടിമുടി തിരുത്തൽ വേണമെന്നുമാണ് അംഗങ്ങളുടെ ആവശ്യം. നയപരമായ വിഷയങ്ങളിൽ നേതൃത്വം വ്യക്തത വരുത്തിയില്ലെന്നും കണ്ണൂരിലുണ്ടായ പ്രശ്നങ്ങൾ സംസ്ഥാനതലത്തിൽ തിരിച്ചടിയായെന്നും വിമർശനം ഉയർന്നു.
പി.എം ശ്രീ വിവാദത്തിൽ സി.പി.ഐ സ്വീകരിച്ച നിലപാട് തെറ്റായിരുന്നുവെന്നും വികലമായ രാഷ്ട്രീയ കൗശലമാണ് പ്രകടിപ്പിച്ചതെന്നും ചില അംഗങ്ങൾ അഭിപ്രായപ്പെട്ടു. ബി.ജെ.പി-ഡീൽ ആരോപണങ്ങൾക്ക് ശക്തിപകരാൻ അത് കാരണമായതായും വിമർശനം ഉണ്ടായി. അതേസമയം, കേരള കോൺഗ്രസ് (എം) സ്വീകരിച്ച അസ്ഥിര നിലപാട് ക്രൈസ്തവ വോട്ടുകളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചതായും യോഗത്തിൽ അഭിപ്രായമുയർന്നു.
യോഗത്തിൽ കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എന്നാൽ ഉയർന്ന വിമർശനങ്ങൾക്ക് പിണറായി വിജയനോ എം.വി. ഗോവിന്ദനോ മറുപടി പറഞ്ഞില്ല. പകരം വിമർശനങ്ങൾ രേഖപ്പെടുത്തി വെക്കുകയായിരുന്നു. ജില്ലാ തലത്തിൽ നിന്ന് ബ്രാഞ്ച് തലവരെ വിശദമായ യോഗങ്ങൾ ചേരാനും തീരുമാനമായി. ജൂൺ അഞ്ചിന് സംസ്ഥാന സെക്രട്ടേറിയറ്റും 6,7 തീയതികളിൽ സംസ്ഥാന സമിതിയും വീണ്ടും ചേരും.














































