അജ്‌മാൻ: യുഎഇയിലെ ആദ്യ സ്വകാര്യ വെറ്ററിനറി കോളജും അത്യാധുനിക മൃഗാശുപത്രിയും അജ്‌മാനിൽ ഒരുങ്ങുന്നു. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖ സ്ഥാപനമായ തുംബെ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. ചെറുതും വലുതുമായ മൃഗങ്ങൾക്ക് സമഗ്ര ചികിത്സയും വെറ്ററിനറി വിദ്യാഭ്യാസ രംഗത്ത് പുതിയ തലമുറ ഡോക്ടർമാരെ വളർത്തിയെടുക്കുന്നതുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
അജ്‌മാൻ കിരീടാവകാശിയും അജ്‌മാൻ എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമി മുഖ്യാതിഥിയായ ചടങ്ങിലാണ് പദ്ധതിയുടെ തറക്കല്ലിടൽ നടന്നത്. തുംബെ ഗ്രൂപ്പ് സ്ഥാപകൻ ഡോ. തുംബെ മൊയ്തീനും ചടങ്ങിൽ പങ്കെടുത്തു.
യുഎഇയിൽ വെറ്ററിനറി വിദ്യാഭ്യാസത്തിനായി നിലവിൽ സർക്കാർ സ്ഥാപനങ്ങളെയും വിദേശ കോളജുകളെയും ആശ്രയിക്കേണ്ട സാഹചര്യമാണുള്ളതെന്ന് ഡോ. തുംബെ മൊയ്തീൻ പറഞ്ഞു. സ്വകാര്യ മേഖലയിലെ ഈ പുതിയ സംരംഭം വെറ്ററിനറി വിദ്യാഭ്യാസ രംഗത്തെ വലിയൊരു വിടവ് നികത്താൻ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡോക്ടർ ഓഫ് വെറ്ററിനറി മെഡിസിൻ (DVM) ബിരുദ കോഴ്സാണ് പുതിയ കോളജിൽ ആരംഭിക്കുക. അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠന സൗകര്യങ്ങളും പ്രായോഗിക പരിശീലന സംവിധാനങ്ങളും കോളജിൽ ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു.
നായകൾ, പൂച്ചകൾ, അപൂർവ വളർത്തുമൃഗങ്ങൾ, കുതിരകൾ, ഒട്ടകങ്ങൾ, കന്നുകാലികൾ എന്നിവയ്ക്കായി പ്രത്യേക ചികിത്സാ വിഭാഗങ്ങളോടുകൂടിയ ആധുനിക ആശുപത്രിയാണ് പദ്ധതിയുടെ ഭാഗമായി വരുന്നത്. മൃഗങ്ങൾക്ക് ആവശ്യമായ മരുന്നുകൾ, ഫാം മാനേജ്മെന്റ്, കന്നുകാലി ആരോഗ്യ പരിപാലനം തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകുന്നതിനായി പ്രത്യേക ടീച്ചിങ് ഫാം ആരംഭിക്കാനും പദ്ധതിയുണ്ടെന്ന് ഡോ. തുംബെ മൊയ്തീൻ കൂട്ടിച്ചേർത്തു.
വെറ്ററിനറി ആരോഗ്യരംഗത്തും വിദ്യാഭ്യാസ മേഖലയിലും യുഎഇയ്ക്ക് പുതിയ മുന്നേറ്റമാകുന്ന പദ്ധതിയായാണ് ഈ സംരംഭത്തെ വിലയിരുത്തുന്നത്.












































