ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് സൗജന്യ എക്സ്‌പോ പാസ്പോർട്ട് സുവനീറുകൾ കൈമാറി. 3000 സൗജന്യ എക്സ്‌പോ പാസ്പോർട്ടുകളാണ് വിതരണം ചെയ്തതെന്ന് GDRFA മേധാവി ലഫ്റ്റന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി അറിയിച്ചു.സന്ദർശകർക്ക് എക്സ്‌പോ 2020 വേദി സന്ദർശിക്കുന്നതിന് പ്രചോദനമേകുന്നതിനായാണ് എക്സ്‌പോ 2020 ദുബായുമായി സഹകരിച്ച് മഞ്ഞ പാസ്പോർട്ടുകൾ വിതരണം ചെയ്തത്. എക്സ്‌പോയിൽ സന്ദർശകർക്ക് പരമാവധി പവിലിയനുകൾ സന്ദർശിക്കുന്നതിന് ഈ പാസ്പോർട്ട് പ്രോത്സാഹനം നൽകും. ലോകമേള അവസാനിച്ചതിന് ശേഷവും എക്സ്‌പോയിൽ നിന്നുള്ള അനുഭവങ്ങളുടെ ഓർമകൾ പുനർവിചിന്തനം ചെയ്യാൻ ഈ പാസ്പോർട്ട് ഒരു കാരണമാകുമെന്ന് അഹമദ് അൽ മർറി പറഞ്ഞു.
മേള സന്ദർശിക്കുന്നവർക്ക് വ്യത്യസ്ത അന്താരാഷ്ട്ര പവിലിയനുകളുടെ ഓർമകൾ സൂക്ഷിക്കാൻ വേണ്ടിയുള്ള എക്സ്‌പോ സ്മരണികയാണ് ഇത്തരം പാസ്പോർട്ടുകൾ. ഒരു ഔദ്യോഗിക പാസ്പോർട്ട് പോലെ രൂപപ്പെടുത്തിയ 50 പേജുള്ള ബുക്ക്‌ലെറ്റിൽ മൂന്ന് തീമാറ്റിക് പവിലിയനുകളുടെ ഡിസൈനുകളും ചിത്രങ്ങളും അടങ്ങിയിരിക്കുന്നു. ഭൂതകാലത്തെ വർത്തമാനകാലവുമായി ബന്ധപ്പെടുത്തി യു.എ.ഇ. പൈതൃക മാതൃക ഇതിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. കൂടാതെ മെച്ചപ്പെടുത്തിയ സുരക്ഷാ സവിശേഷതകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ പാസ്പോർട്ടിനും ഒരു തിരിച്ചറിയൽ നമ്പർ, പാസ്പോർട്ട് വലുപ്പത്തിലുള്ള ഫോട്ടോ ഉൾപ്പെടുത്താനുള്ള ഇടം, വ്യക്തിഗത വിശദാംശങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സൗകര്യം എന്നിവയ്ക്കൊപ്പം ഓരോ പേജിലും മറഞ്ഞിരിക്കുന്ന വാട്ടർമാർക്ക് ചെയ്ത ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.