ദുബായ്: സൗഹൃദത്തിന്റെയും സഹോദര്യത്തിന്റെയും ആഴം ഉറപ്പിച്ചുകൊണ്ട്, സഹോദര രാഷ്ട്രമായ ബഹ്‌റൈൻ രാജ്യത്തിന്റെ ദേശീയ ദിനാഘോഷങ്ങളിൽ പങ്കുചേർന്ന് ദുബായ്. ദുബായ് വിമാനത്താവളത്തിലെത്തിയ ബഹ്‌റൈൻ യാത്രക്കാർക്ക് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA Dubai) ഒരുക്കിയ ഊഷ്മളമായ വരവേൽപ്പ് ചരിത്രബന്ധങ്ങളുടെ നേർക്കാഴ്ചയായി മാറി. ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെ പ്രതീകമായി, യാത്രക്കാരുടെ പാസ്‌പോർട്ടിൽ “ബഹ്‌റൈൻ; ഹൃദയത്തിലും കണ്ണിലും” (Bahrain, Heart and Eyes)- എന്ന സന്ദേശം ആലേഖനം ചെയ്ത പ്രത്യേക സ്റ്റാമ്പ് പതിച്ചാണ് അധികൃതർ സ്നേഹം പ്രകടിപ്പിച്ചത്. ഈ അപ്രതീക്ഷിതവും ഹൃദയസ്പർശിയായതുമായ ആദരം യാത്രക്കാർക്ക് കൂടുതൽ സന്തോഷവും അഭിമാനവും നൽകി.
വർഷങ്ങളുടെ പഴക്കമുള്ള യുഎഇ-ബഹ്‌റൈൻ ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു വിമാനത്താവളത്തിൽ ഒരുക്കിയ പ്രത്യേക സ്വീകരണ പരിപാടികൾ. പാസ്‌പോർട്ട് നിയന്ത്രണ കൗണ്ടറുകൾ ബഹ്‌റൈൻ പതാകകൾ കൊണ്ട് അലങ്കരിക്കുകയും, മുൻനിരയിലെ ഉദ്യോഗസ്ഥർ ദേശീയ പതാകയുടെ നിറങ്ങളിലുള്ള മനോഹരമായ സ്‌കാർഫുകൾ ധരിച്ച് സേവനം നൽകുകയും ചെയ്തു. ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള പരസ്പര ബഹുമാനവും സ്നേഹവും കൂടുതൽ ഊട്ടിയുറപ്പിക്കുന്നതിനും, ബഹ്‌റൈനോടുള്ള ഐക്യദാർഢ്യം ലോകത്തിന് മുന്നിൽ പ്രഖ്യാപിക്കുന്നതിനും വേണ്ടിയാണ് ഇത്തരമൊരു വിപുലമായ ആഘോഷം ദുബായ് സംഘടിപ്പിച്ചത്. ദേശീയ ദിനത്തിന്റെ ഭാഗമായി എത്തിയ യാത്രക്കാർക്കായി പ്രത്യേക ലെയിനുകളും വിമാനത്താവളത്തിൽ സജ്ജമാക്കിയിരുന്നു.

ദേശീയ ദിനാഘോഷങ്ങൾ കൂടുതൽ ആകർഷകമാക്കാൻ ദുബായ് വിമാനത്താവളത്തിൽ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. ജിഡിആർഎഫ്എയുടെ മാസ്‌കോട്ടുകളായ ‘സാലമും’ ‘സലാമ’യും സന്തോഷം പങ്കുവെച്ച് യാത്രക്കാരെ സ്വാഗതം ചെയ്യാൻ എത്തി. കൂടാതെ, വിമാനത്താവളത്തിലെ അത്യാധുനിക സ്മാർട്ട് ഗേറ്റുകൾ പോലും ബഹ്‌റൈൻ പതാകയുടെ ചുവപ്പ്, വെള്ള നിറങ്ങളിലുള്ള ദീപാലങ്കാരങ്ങളാൽ പ്രകാശമണിഞ്ഞത് ശ്രദ്ധേയമായ കാഴ്ചയായിരുന്നു. ബഹ്‌റൈൻ യാത്രക്കാർക്ക് സ്നേഹസമ്മാനങ്ങളും വിതരണം ചെയ്ത അധികൃതർ, ഒരു സഹോദര രാജ്യത്തിന്റെ ആഘോഷത്തിൽ പങ്കുചേരുന്നതിന്റെ പ്രാധാന്യം വിളിച്ചോതി.
സഹോദരബന്ധത്തിലും പരസ്പര ധാരണയിലും അധിഷ്ഠിതമായ യുഎഇ-ബഹ്‌റൈൻ ബന്ധം സഹകരണത്തിന്റെ ഉത്തമ മാതൃകയാണെന്ന് ജി ഡി ആർ എഫ് എ ദുബായ് മേധാവി ലഫ്: ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി അഭിപ്രായപ്പെട്ടു. ബഹ്‌റൈൻ ദേശീയ ദിനത്തിൽ അവരുടെ സന്തോഷത്തിൽ പങ്കുചേരുന്നതിൽ ഞങ്ങൾക്ക് ഏറെ അഭിമാനമുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ആഘോഷ പരിപാടികൾ ദുബായ് വിമാനത്താവളങ്ങളിലെ യാത്രാനുഭവത്തെ കൂടുതൽ അവിസ്മരണീയമാക്കുകയും, യുഎഇ-ബഹ്‌റൈൻ ബന്ധങ്ങളുടെ ഊഷ്മളത ലോകത്തിന് മുന്നിൽ ഒരിക്കൽ കൂടി ഉറപ്പിക്കുകയും ചെയ്തു. രണ്ട് രാജ്യങ്ങളും തമ്മിലുള്ള ആഴമായ ബന്ധം ഈ പ്രത്യേക സന്ദർഭത്തിലൂടെ വീണ്ടും തെളിയിക്കുകയാണ്


























