അടിയന്തര സാഹചര്യങ്ങൾ മുൻകൂട്ടി കണ്ട് അപകടങ്ങൾ ഒഴിവാക്കാൻ ഏജന്റിക് എഐ സാങ്കേതികവിദ്യ വിന്യസിക്കുന്നു
അബുദാബി, സെപ്റ്റംബർ 15, 2026 : അബുദാബി എമിറേറ്റിലുടനീളം അപകടകരമായ രാസ-വ്യാവസായിക വസ്തുക്കളുടെ സുരക്ഷിത നീക്കവും സംഭരണവും ഉറപ്പാക്കാൻ അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ നടപ്പിലാക്കുന്നു. ഇതിനായി അബുദാബി ഹസാർഡസ് മെറ്റീരിയൽസ് മാനേജ്‌മെന്റ് സെന്ററും (ADHMMC) പ്രമുഖ എഐ ഡാറ്റാ അനലിറ്റിക്‌സ് കമ്പനിയായ പ്രിസൈറ്റും (Presight) തന്ത്രപരമായ കരാറിൽ ഒപ്പുവെച്ചു.
അപകടകരമായ വസ്തുക്കൾ രാജ്യത്തേക്ക് എത്തിക്കുന്നത് മുതൽ അവയുടെ ഗതാഗതം, വെയർഹൗസുകളിലെ സംഭരണം, വാണിജ്യ വിനിയോഗം, പുനരുപയോഗം അല്ലെങ്കിൽ നിർമാർജനം വരെയുള്ള എല്ലാ ഘട്ടങ്ങളും തത്സമയം നിരീക്ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സർക്കാർ സേവനങ്ങളിൽ കൃത്രിമബുദ്ധിയും ഡാറ്റാ അധിഷ്ഠിത സംവിധാനങ്ങളും കാര്യക്ഷമമാക്കുന്നതിനുള്ള ‘അബുദാബി സർക്കാർ ഡിജിറ്റൽ സ്ട്രാറ്റജി 2025–2027’ന്റെ ഭാഗമായാണ് ഈ നടപടി.
പരമ്പരാഗത നിരീക്ഷണ രീതികളിൽ നിന്ന് മാറി, ‘ഏജന്റിക് എഐ’ (Agentic AI) സംവിധാനങ്ങളാണ് ഇവിടെ ഉപയോഗിക്കുന്നത്. വിവിധ സർക്കാർ വകുപ്പുകളുടെയും സുരക്ഷാ ഏജൻസികളുടെയും വിവരങ്ങൾ തത്സമയം പരിശോധിച്ച്, വിതരണ ശൃംഖലയിലെ ചെറിയ വ്യതിയാനങ്ങളും അപകടസാധ്യതകളും സ്വയം കണ്ടെത്തി അധികൃതർക്ക് മുന്നറിയിപ്പ് നൽകാൻ ഇത്തരം എഐ മോഡലുകൾക്ക് സാധിക്കും.
സാങ്കേതിക മുന്നേറ്റങ്ങളിലൂടെ അപകടസാധ്യതകൾ മുൻകൂട്ടി കണ്ട് സുരക്ഷ ഉറപ്പാക്കുന്ന പ്രവർത്തന മാതൃകയാണ് എമിറേറ്റ് ലക്ഷ്യമിടുന്നതെന്ന് അബുദാബി ഹസാർഡസ് മെറ്റീരിയൽസ് മാനേജ്‌മെന്റ് സെന്റർ ആക്ടിങ് ഡയറക്ടർ ജനറൽ മത്തർ മുഅദദ് അൽ മ്ഹൈരി വ്യക്തമാക്കി. പുതിയ സംവിധാനം വരുന്നതോടെ അടിയന്തര ഘട്ടങ്ങളിൽ ഉദ്യോഗസ്ഥർക്ക് വേഗത്തിൽ ശരിയായ തീരുമാനങ്ങൾ എടുക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുഎഇയിലെ പ്രമുഖ എഐ ഗ്രൂപ്പായ ജി42-ന്റെ ഉപകമ്പനിയായ പ്രിസൈറ്റ്, സ്മാർട്ട് സിറ്റി-പബ്ലിക് സേഫ്റ്റി സാങ്കേതിക രംഗത്തെ അനുഭവസമ്പത്ത് ഈ പദ്ധതിക്കായി വിനിയോഗിക്കും. നിയന്ത്രിത പരീക്ഷണ പരിതസ്ഥിതികളിൽ (Controlled test environments) മുൻഗണനാ ക്രമത്തിലുള്ള പ്രോട്ടോടൈപ്പുകൾ വികസിപ്പിച്ചെടുക്കാനാണ് പ്രാരംഭ തീരുമാനം.
വിവര സുരക്ഷ (Data Sovereignty), സൈബർ സുരക്ഷാ മാനദണ്ഡങ്ങൾ, കൃത്രിമബുദ്ധി നിയന്ത്രണ ചട്ടങ്ങൾ, മനുഷ്യ മേൽനോട്ടം (Human Oversight) എന്നിവ കർശനമായി പാലിച്ചുകൊണ്ടാണ് സിസ്റ്റം രൂപകൽപ്പന ചെയ്യുന്നതെന്ന് സെന്ററിന്റെ ഐസിടി വിഭാഗം തലവനും ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ ലീഡുമായ എൻജിനീയർ അബ്ദുല്ല ജുമാ അൽ ദാഹിരി പറഞ്ഞു.
തുറമുഖങ്ങൾ, വ്യാവസായിക മേഖലകൾ, ചരക്കുനീക്ക പാതകൾ എന്നിവിടങ്ങളിലെ അപകടസാധ്യതകൾ വളരെ വേഗത്തിൽ കണ്ടെത്താനും, വ്യവസായ മേഖലയിലെ മാലിന്യ നിർമാർജനം പൂർണമായും സുരക്ഷിതമാക്കാനും പുതിയ സാങ്കേതിക സഹകരണം വഴി സാധിക്കും.










