മതസൗഹാർദ്ദത്തിന്റെയും മതനിരപേക്ഷതയുടെയും മാതൃകയായ കേരളത്തെ ഭീകരവാദത്തിന്റെ കേന്ദ്രമായി ചിത്രീകരിക്കാൻ നടത്തുന്ന ശ്രമങ്ങളെ ഒറ്റക്കെട്ടായി തള്ളിക്കളയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
“The Kerala Story” എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ടീസർ പുറത്തിറങ്ങിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. സാഹോദര്യവും മതേതരത്വവും ഉയർത്തിപ്പിടിക്കുന്ന കേരളത്തിന്റെ മാതൃകയെ ഭയപ്പെടുന്നവരാണ് വിദ്വേഷ പ്രചാരണങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
‘ഒന്നാം ഭാഗം വർഗീയ ലക്ഷ്യത്തോടെ നിർമ്മിച്ചത്’
കേരളത്തിനെതിരെ വിദ്വേഷം വിതയ്ക്കാനും മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ടാണ് ചിത്രത്തിന്റെ ആദ്യ ഭാഗം നിർമ്മിച്ചതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. “നട്ടാൽ കുരുക്കാത്ത നുണകളും വിദ്വേഷവും കുത്തിനിറച്ച ഒന്നാം ഭാഗം വർഗീയ ലക്ഷ്യത്തോടെ നിർമ്മിച്ചതാണെന്ന് ഈ നാട് തിരിച്ചറിഞ്ഞതാണ്,” എന്ന് അദ്ദേഹം പറഞ്ഞു.
കലാസൃഷ്ടിയുടെ മേലങ്കി അണിഞ്ഞ് പുറത്തിറങ്ങിയ സൃഷ്ടിയെ ‘ദ റിയൽ കേരള സ്റ്റോറി’ വിളിച്ചുപറഞ്ഞ് സമൂഹം തള്ളിക്കളഞ്ഞതായും മുഖ്യമന്ത്രി വ്യക്തമാക്കി.
‘സംഘപരിവാർ കേന്ദ്രങ്ങൾ പ്രചാരണം ഏറ്റെടുത്തു’
“കേരള സ്റ്റോറി” എന്ന വ്യാജ പ്രതീതി നിർമ്മിതിയെ ഏറ്റെടുത്ത് പ്രചരിപ്പിച്ചത് സംഘപരിവാർ കേന്ദ്രങ്ങളാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. പരസ്പര സമ്മതത്തോടെ നടക്കുന്ന വിവാഹങ്ങളെപ്പോലും വർഗീയതയുടെയും നിർബന്ധിത മതപരിവർത്തനത്തിന്റെയും നിറം നൽകി തെറ്റായ പ്രചാരണങ്ങൾ നടത്തുകയാണെന്നും അദ്ദേഹം വിമർശിച്ചു.
വർഗീയ കലാപങ്ങൾ ഇല്ലാത്തതും വിവിധ മതവിശ്വാസികൾ പരസ്പര ബഹുമാനത്തോടെ സഹവർത്തിക്കുന്നതുമായ കേരളത്തെ ശത്രുതയോടെയാണ് ചിലർ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘നുണകൾക്കെതിരെ സത്യം ജയിക്കണം’
സുസ്ഥിര വികസന സൂചികകളിൽ മുന്നിൽ നിൽക്കുന്ന, ക്രമസമാധാന പാലനത്തിൽ മാതൃകയായ കേരളത്തെ ഭീകരവാദത്തിന്റെ കേന്ദ്രമായി ചിത്രീകരിക്കുന്നത് ഗൗരവത്തോടെ കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദ്വേഷ പ്രചാരണങ്ങളെ അവജ്ഞയോടെ തള്ളിക്കളയുന്നതിനൊപ്പം വസ്തുതകളെയും മതനിരപേക്ഷതയുടെയും സാഹോദര്യത്തിന്റെയും മൂല്യങ്ങളെയും ശക്തമായി ഉയർത്തിപ്പിടിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
“കേരളം നമ്മുടെ അഭിമാനമാണ്. നുണകൾക്കെതിരെ സത്യം ജയിക്കണം. അതിനായി നാം ഒരുമിച്ച് നിലകൊള്ളണം,” എന്നാണ് മുഖ്യമന്ത്രിയുടെ കുറിപ്പിന്റെ സമാപനം.









































