ഷാർജ : ആഗോള പ്രസാധന രംഗത്ത് വനിതകളുടെ പങ്കാളിത്തം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഷെയ്ഖ ബൊദൂർ ബിന്ത് സുൽത്താൻ അൽ ഖാസിമി സ്ഥാപിച്ച പബ്ലിഷറും ഷാർജ പബ്ലിഷിങ് സിറ്റി ഫ്രീ സോണും തമ്മിൽ സഹകരണത്തിന് തുടക്കമായി. വനിതകളുടെ ഉടമസ്ഥതയിലുള്ള പ്രസാധന സ്ഥാപനങ്ങൾക്ക് കൂടുതൽ അവസരങ്ങളും ആഗോള വിപണിയിൽ മികച്ച സ്വീകാര്യതയും ഉറപ്പാക്കുന്ന ധാരണാപത്രത്തിലാണ് ഇരു സ്ഥാപനങ്ങളും ഒപ്പുവച്ചത്. പ്രസാധന മേഖലയിൽ വനിതാ സംരംഭകർ നേരിടുന്ന തടസ്സങ്ങൾ നീക്കി അവർക്ക് കുറഞ്ഞ നിരക്കിലുള്ള ലൈസൻസിങ് പാക്കേജുകളും മികച്ച അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കാൻ ഈ പങ്കാളിത്തം വഴിയൊരുക്കും. നിലവിൽ നൂറിലേറെ രാജ്യങ്ങളിൽ നിന്നുള്ള ഒൻപതിനായിരത്തോളം കമ്പനികൾ പ്രവർത്തിക്കുന്ന ഷാർജ പബ്ലിഷിങ് സിറ്റിയിലെ വിശാലമായ ശൃംഖല വനിതാ പ്രസാധകർക്ക് വലിയ മുതൽക്കൂട്ടാകും.പ്രസാധന രംഗത്തിന്റെ ഭാവി നിർണയിക്കുന്നതിൽ വനിതാ നേതൃത്വത്തിലുള്ള സ്ഥാപനങ്ങൾക്ക് നിർണായക പങ്കുണ്ടെന്ന് ഷെയ്ഖ ബൊദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി പറഞ്ഞു.

പബ്ലിഷറിന്റെ ആഗോള സമൂഹത്തെയും പബ്ലിഷിങ് സിറ്റിയുടെ ലോകോത്തര അടിസ്ഥാന സൗകര്യങ്ങളെയും ഒന്നിപ്പിക്കുന്നതിലൂടെ സംരംഭകർക്ക് പ്രാദേശിക-രാജ്യാന്തര വിപണികളിലേക്ക് വേഗത്തിൽ എത്തിച്ചേരാനാകും. ഷാർജയുടെ അറിവിനും അവസരങ്ങൾക്കും മുൻഗണന നൽകുന്ന വികസന കാഴ്ചപ്പാടിന്റെ ഭാഗമാണിതെന്നും അവർ കൂട്ടിചേർത്തു. ഇതിനുപുറമെ വനിതാ പ്രസാധകർക്കായി പ്രത്യേക പരിശീലന പരിപാടികൾ, പുസ്തക പ്രകാശനങ്ങൾ, നെറ്റ്‌വർക്കിങ് സെഷനുകൾ എന്നിവയും ഷാർജയിൽ സംഘടിപ്പിക്കും.മിഡിൽ ഈസ്റ്റ് ആഫ്രിക്കൻ പുസ്തക വിപണി വലിയ വളർച്ച രേഖപ്പെടുത്തുന്ന പശ്ചാത്തലത്തിൽ ഈ സഹകരണത്തിന് ഏറെ പ്രാധാന്യമുണ്ട്. 2033-ഓടെ ഈ മേഖലയിലെ വിപണി 18 ബില്യൺ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎഇയിലെ പ്രസാധന മേഖലയും ഡിജിറ്റൽ രംഗവും അതിവേഗം വികസിക്കുന്ന സാഹചര്യത്തിൽ വനിതകൾക്ക് ആവശ്യമായ വിഭവങ്ങളും തീരുമാനങ്ങൾ എടുക്കാനുള്ള പ്രാപ്തിയും ഉറപ്പുവരുത്താൻ ഈ നീക്കം സഹായിക്കും. വനിതാ സംരംഭകരുടെ വിജയഗാഥകൾ രാജ്യാന്തര തലത്തിൽ അവതരിപ്പിക്കാനും അവർക്ക് ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകാനും പബ്ലിഷർ മുൻകൈയെടുക്കും. പ്രാദേശികമായും അന്തർദേശീയമായും വനിതാ പ്രസാധന സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിലൂടെ ഷാർജയുടെ ആഗോള സ്ഥാനം കൂടുതൽ ഉറപ്പിക്കുകയാണ് ഈ ലക്ഷ്യമിടുന്നത്.


























