അബുദാബി : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉൾപ്പെടെ സാങ്കേതിക വിദ്യയിലുള്ള കുതിച്ചുചാട്ടത്തിൽ 2030ന് അകം യുഎഇയിൽ 10.3 ലക്ഷം തൊഴിലാളികളെ ആവശ്യമായി വരുമെന്ന് റിപ്പോർട്ട്.54% വളർച്ച പ്രതീക്ഷിക്കുന്ന സാങ്കേതിക രംഗത്തു മാത്രം 91,000 പ്രഫഷനലുകൾക്കാണ് തൊഴിലവസരം ലഭ്യമാകുക. മറ്റു ജോലിസാധ്യതകൾ: ഉൽപാദന മേഖലയിൽ 1.33 ലക്ഷം, വിദ്യാഭ്യാസ രംഗത്ത് 78,000, റീട്ടെയിൽ മേഖലയിൽ 60,000, ഫിനാൻസ്, ഹെൽത്ത് കെയർ മേഖലകളിലായി 80,000എന്റർപ്രൈസ് സോഫ്റ്റ്‌വെയർ കമ്പനിയായ സർവീസ് നൗ, എജ്യുക്കേഷൻ കമ്പനി പിയേഴ്സൺ എന്നിവ ചേർന്നു നടത്തിയ പുതിയ പഠനത്തിലാണു കണ്ടെത്തൽ. എഐ മനുഷ്യരുടെ ജോലി ഇല്ലാതാക്കില്ലെന്നും പകരം ജോലികൾ കൂടുതൽ എളുപ്പമാക്കാൻ സഹായിക്കുകയാണ് ചെയ്യുകയെന്നും പഠനം വ്യക്തമാക്കുന്നു.സിസ്റ്റം അനലിസ്റ്റുകൾ, കംപ്യൂട്ടർ പ്രോഗ്രാമർമാർ, സെർച്ച് മാർക്കറ്റിങ് സ്ട്രാറ്റജിസ്റ്റുകൾ എന്നിവർക്കാണു കൂടുതൽ സാധ്യതകൾ. പതിവ് രീതിയിലുള്ള ജോലികൾ എഐ ഏറ്റെടുക്കുമ്പോൾ കൂടുതൽ ക്രിയാത്മക കാര്യങ്ങൾ ചെയ്യാൻ മനുഷ്യർക്കു സാധിക്കും. പുതിയ തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് ജീവനക്കാർക്ക് എഐ സാങ്കേതിക വിദ്യകളിൽ പരിശീലനം നൽകേണ്ടത് അനിവാര്യമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.യുഎഇയുടെ നാഷനൽ സ്ട്രാറ്റജി ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് 2031 എന്ന ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവയ്പാണിത്. യുഎഇയെ ലോകത്തെ ഏറ്റവും മികച്ച എഐ കേന്ദ്രമാക്കി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. മറ്റ് പ്രമുഖ രാജ്യങ്ങളെ അപേക്ഷിച്ച് യുഎഇയിലെ തൊഴിൽ വളർച്ച (12.1%) നിരക്ക് വളരെ കൂടുതലാണ്. ഇന്ത്യ 10.6%, യുകെ 2.8%, യുഎസ് 2.1% എന്നിങ്ങനെയാണ് ഇതര രാജ്യങ്ങളുടെ വളർച്ച നിരക്ക്.

എണ്ണ ഇതര സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി മൈക്രോസോഫ്റ്റ്, എൻവിഡിയ, ഓപ്പൺ എഐ തുടങ്ങിയ കമ്പനികളുമായി ചേർന്ന് യുഎഇ വലിയ നിക്ഷേപങ്ങൾ നടത്തുന്നുണ്ട്. അബുദാബിയിൽ എഐ ഡേറ്റ സെന്ററുകൾക്കായി വലിയ ക്യാംപസുകൾ നിർമിക്കുന്നതും ഇതിന്റെ ഭാഗമാണ്. സാങ്കേതിക വിദ്യയിലെ മാറ്റങ്ങൾക്കനുസരിച്ച് ജീവനക്കാർക്ക് പുതിയ പരിശീലനം നൽകിയാൽ യുഎഇയുടെ സാമ്പത്തിക വളർച്ച ഇനിയും വേഗത്തിലാകുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.


























