ദുബായ്: ലോകത്തെ ഏറ്റവും തിരക്കേറിയ നഗരങ്ങളിലൊന്നായ ദുബായിലെ പ്രധാന ജംഗ്ഷനുകളിലൊന്നായ ട്രേഡ് സെന്റർ റൗണ്ട്എബൗട്ടിൽ ഇനി മുതൽ വാഹനങ്ങൾ കാത്തുനിൽക്കേണ്ടി വരില്ല. 2nd ഡിസംബർ സ്ട്രീറ്റിൽ നിന്ന് ഷെയ്ഖ് റാഷിദ് റോഡിലേക്കും അൽ മജ്ലിസ് സ്ട്രീറ്റിലേക്കുമുള്ള ഗതാഗതം സുഗമമാക്കുന്നതിനായി നിർമ്മിച്ച രണ്ട് പുതിയ പാലങ്ങളാണ് ആർടിഎ ഇപ്പോൾ ഗതാഗതത്തിനായി തുറന്നുകൊടുത്തത്. നിശ്ചയിച്ച സമയപരിധിക്കും മുൻപേ പൂർത്തിയാക്കി തുറന്നുകൊടുത്ത ഈ പാലങ്ങൾ വഴി മണിക്കൂറിൽ 6,000 വാഹനങ്ങൾക്ക് കടന്നുപോകാനുള്ള ശേഷിയുണ്ട്.
ഏകദേശം 2,000 മീറ്റർ നീളമുള്ള ഈ രണ്ട് പാലങ്ങളും ഇരുകാശത്തേക്കും രണ്ട് ലെയ്‌നുകൾ വീതമുള്ളതാണ്. പുതിയ വികസനം വന്നതോടെ 2nd ഡിസംബർ സ്ട്രീറ്റിൽ നിന്ന് അൽ മജ്ലിസ് സ്ട്രീറ്റിലേക്കും അൽ മുസ്തഖ്ബൽ സ്ട്രീറ്റിലേക്കും പോകാൻ എടുത്തിരുന്ന 10 മിനിറ്റ് യാത്രാസമയം വെറും 2 മിനിറ്റായി കുറഞ്ഞു. കൂടാതെ, റൗണ്ട്എബൗട്ടിലെ ശരാശരി താമസം 12 മിനിറ്റിൽ നിന്ന് 90 സെക്കൻഡായി ഗണ്യമായി കുറഞ്ഞുവെന്നത് ദുബായിലെ നിത്യയാത്രക്കാർക്ക് വലിയ ആശ്വാസമാണ് പകരുന്നത്.

ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് റോഡ് തുടങ്ങി അഞ്ചോളം പ്രധാന റോഡുകളുമായി ബന്ധിപ്പിക്കുന്ന ഈ ജംഗ്ഷൻ ദുബായിലെ ഗതാഗത ശൃംഖലയുടെ ഹൃദയമിടിപ്പാണ്. മൊത്തം 5,000 മീറ്റർ നീളമുള്ള അഞ്ച് പാലങ്ങളും മൂന്ന് തുരങ്കങ്ങളും ഉൾപ്പെടുന്നതാണ് ഈ ബൃഹദ് പദ്ധതി. നിലവിലെ റൗണ്ട്എബൗട്ടിനെ ട്രാഫിക് സിഗ്നലുകൾ നിയന്ത്രിക്കുന്ന ഒരു സാധാരണ ജംഗ്ഷനാക്കി മാറ്റുന്നതിലൂടെ വാഹനങ്ങൾക്ക് തടസ്സമില്ലാതെ സഞ്ചരിക്കാൻ സാധിക്കുമെന്ന് ആർടിഎ ഡയറക്ടർ ജനറൽ മതാർ അൽ തായർ വ്യക്തമാക്കി.

പദ്ധതിയുടെ ആകെ പുരോഗതി 50 ശതമാനം പിന്നിട്ടതായും അടുത്ത വർഷം മാർച്ചോടുകൂടി ഷെയ്ഖ് സായിദ് റോഡിനെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്ന പാലം തുറക്കുമെന്നും അധികൃതർ അറിയിച്ചു. ഡിഐഎഫ്‌സി (DIFC), ഡൗൺടൗൺ ദുബൈ, അൽ സത്വ തുടങ്ങിയ മേഖലകളിലെ അഞ്ച് ലക്ഷത്തിലധികം താമസക്കാർക്കും സന്ദർശകർക്കും ഈ പദ്ധതി നേരിട്ട് പ്രയോജനം ചെയ്യും. 2027-ൽ പദ്ധതി പൂർണ്ണമായും പൂർത്തിയാകുന്നതോടെ മേഖലയിലെ ഗതാഗത ശേഷി 33 ശതമാനം വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


























