തിരുവനന്തപുരം: പുതിയ യു.ഡി.എഫ് മന്ത്രിസഭയിലെ മന്ത്രിമാരുടെ എണ്ണം സംബന്ധിച്ച് ധാരണയായതായി സൂചന. കോൺഗ്രസിന് മുഖ്യമന്ത്രി ഉൾപ്പെടെ 11 മന്ത്രിമാരും സ്പീക്കർ സ്ഥാനവും ലഭിക്കുമെന്നാണ് വിവരം. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവും കോൺഗ്രസിനായിരിക്കും.
പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനം നൽകാനും ധാരണയായിട്ടുണ്ട്. ഏക അംഗമുള്ള കക്ഷികൾക്ക് ഫുൾ ടേം നൽകാനും ധാരണയായി.
മുഖ്യമന്ത്രി വി.ഡി. സതീശൻ നയിക്കുന്ന മന്ത്രിസഭയിൽ ആർക്കെല്ലാം അവസരം ലഭിക്കുമെന്നതാണ് ഇപ്പോഴത്തെ പ്രധാന ചർച്ച. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ വി.ഡി. സതീശൻ നേരിട്ട് ക്ഷണിക്കുമെന്നാണ് സൂചന. ചെന്നിത്തല തന്റെ മുൻ നിലപാടിൽ ഇളവ് വരുത്തിയതായും റിപ്പോർട്ടുണ്ട്.
അതേസമയം, യുവമുഖങ്ങൾക്ക് മുൻഗണന നൽകുന്ന ചർച്ചകളും സജീവമാണ്. വി.ടി. ബൽറാം, ഐ.സി. ബാലകൃഷ്ണൻ, ചാണ്ടി ഉമ്മന്‍ എന്നിവരുടെ പേരുകൾ പരിഗണനയിലുണ്ട്. കെ.സി. വേണുഗോപാലിന് മുഖ്യമന്ത്രി ലഭിക്കാത്ത സാഹചര്യത്തിൽ അദ്ദേഹത്തിന്റെ വിഭാഗം മന്ത്രിസഭയിൽ ശക്തമായ പ്രാതിനിധ്യം ഉറപ്പാക്കാൻ ശ്രമിക്കുന്നതായും സൂചനയുണ്ട്.
മുസ്ലിം ലീഗിൽ അഞ്ച് മന്ത്രിസ്ഥാനങ്ങൾ സംബന്ധിച്ച പ്രതീക്ഷ ശക്തമാണ്. മൂന്ന് തവണ എം.എൽ.എയായ പി.കെ. ബഷീർ, കെ.എം. ഷാജി, എൻ. ഷംസുദ്ദീൻ എന്നിവരുടെ പേരുകളാണ് മുൻനിരയിൽ. പാലക്കാട് ജില്ലയ്ക്ക് പ്രാതിനിധ്യം നൽകണമെന്ന ആവശ്യം എൻ. ഷംസുദ്ദീന് സാധ്യത വർധിപ്പിക്കുന്നതായി വിലയിരുത്തപ്പെടുന്നു.
കാസർകോട് നിന്നുള്ള എ.കെ.എം. അഷ്റഫ്, കോഴിക്കോട് ജില്ലയിൽ നിന്നുള്ള പാറക്കൽ അബ്ദുള്ള, റസാഖ് മാസ്റ്റർ എന്നിവരുടെയും പേരുകൾ ചർച്ചയിലുണ്ട്.
ഏഴ് സീറ്റുകൾ നേടിയ ജോസഫ് വിഭാഗം രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഒരു സ്ഥാനം മാത്രമേ ലഭിക്കൂ എന്ന സൂചനയാണ് നിലവിലുള്ളത്. ആർ.എസ്.പി ഒരു മന്ത്രിസ്ഥാനം പ്രതീക്ഷിക്കുന്നുണ്ട്.
മന്ത്രിസ്ഥാനം സംബന്ധിച്ച ഉഭയകക്ഷി ചർച്ചകൾ ഇനിയും പൂർത്തിയായിട്ടില്ല. തിങ്കളാഴ്ച സത്യപ്രതിജ്ഞയ്ക്ക് മുമ്പ് അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.














































